അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് റാസൽഖൈമയിലെ സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം ഏർപ്പെടുത്തി. ജനുവരി 26, 27 (വ്യാഴം, വെള്ളി) തീയതികളിൽ വിദ്യാർത്ഥികൾ വീട്ടിൽ നിന്ന് പഠിക്കുമെന്ന് എമിറേറ്റിലെ ലോക്കൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ടീം അറിയിച്ചു.
വിദ്യാർത്ഥികളുടെയും സ്കൂൾ ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതാണ് നടപടിയെന്ന് റാസൽഖൈമ പോലീസ് സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു.
കനത്ത മഴയെ തുടർന്ന് ഷാർജയിലെ കൽബ സിറ്റിയിലെയും ഫുജൈറയിലെയും പൊതു, സ്വകാര്യ സ്കൂളുകൾ ഉച്ചയ്ക്ക് 12 മണിയോടെ വിദ്യാർത്ഥികളെ പിരിച്ചുവിട്ടിരുന്നു. അടുത്ത രണ്ട് ദിവസങ്ങളിലെ ഫീൽഡ് ട്രിപ്പുകളും റദ്ദാക്കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ഇടിമിന്നലും ആലിപ്പഴ വർഷവും ഉണ്ടായതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അസ്ഥിരമായ കാലാവസ്ഥ നാളെയും തുടരുമെന്നാണ് പ്രവചനം.