യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥ തുടരുന്നതിനാൽ കടലിൽ കുളിക്കാനോ മറ്റ് വിനോദപ്രവർത്തനങ്ങൾക്കോ പോകരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
ദുബായ് പൊലീസിന്റെ തുറമുഖ സ്റ്റേഷൻ പൊതുജനങ്ങളോടും ബോട്ടുകൾ, കപ്പലുകൾ, യോട്ടുകൾ എന്നിവയുടെ ഉടമകളോടും ഇക്കാര്യം നിർദ്ദേശിച്ചിട്ടുണ്ട്. ശക്തമായ വെള്ളപ്പൊക്കത്തിനും തിരമാലകൾക്കും സാധ്യതയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
വെള്ളപ്പൊക്കത്തിൽ അകപ്പെടാതിരിക്കാൻ താഴ്‌വരകൾക്കും വാടികൾക്കും സമീപം പോകരുതെന്നും പൊതുജനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി റെസ്‌പോൺസ് മെക്കാനിസം സജീവമാക്കി മഴവെള്ളം അടിഞ്ഞുകൂടുന്നത് നേരിടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ആഘാതം കുറയ്ക്കുന്നതിന്, മഴവെള്ളം ഒഴുകിപ്പോകാനുള്ള വിപുലമായ സംവിധാനത്തിന്റെ പിന്തുണയോടെ വിവിധ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പൗരസമിതി അറിയിച്ചു.