കൊച്ചി: കോട്ടയം ഈരയിൽക്കടവിലെ ആൻസ് കൺവൻഷൻ സെന്ററിന് പ്രവർത്തനാനുമതി നൽകി ഹൈക്കോടതി. സ്ഥാപന ഉടമയായ ആലപ്പുഴ ചെങ്ങന്നൂർ അരക്കാട്ടിൽ പുത്തൻ വീട്ടിൽ ഉമ്മൻ ഐപ്പ് നൽകിയ റിട്ട് ഹർജി പരിഗണിച്ച ജസ്റ്റിസ് അമിത് രവാളാണ് ആൻസ് കൺവൻഷൻ സെന്ററിന് പ്രവർത്തനാനുമതി നൽകിയത്. സംസ്ഥാന സർക്കാരിനും, കോട്ടയം നഗരസഭയ്ക്കും വിഷയത്തിൽ ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുമുണ്ട്. നേരത്തെ കൺവൻഷൻ സെന്ററിനെതിരെ പരാതി നൽകിയ ഈരയിൽക്കടവ് സ്വദേശി രാജമ്മ ജോസഫ്, ജോൺ ചാണ്ടി, വർഗീസ് തോമസ് എന്നിവരുടെ ഹർജികളിൽ അടക്കം തീർപ്പ് കൽപ്പിച്ചാണ് ഇപ്പോൾ ഹൈക്കോടതി വിധിയുണ്ടായിരിക്കുന്നത്.
കൺവൻഷൻ സെന്ററിന്റെ വിഷയത്തിൽ കൃത്യമായ നടപടികൾ സ്വീകരിക്കണമെന്നു ഹൈക്കോടതി സംസ്ഥാന സർക്കാരിനും നഗരസഭയ്ക്കും നിർദേശം നൽകുന്നു. സർക്കാർ പുറമ്പോക്ക് കണ്ടെത്തുന്നതിനായി സർവേ നടത്തണമെന്നും, ഇതിനു വേണ്ട ഇടപെടലുകൾ സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും നഗരസഭയും നടത്തണമെന്നും ഹർജിക്കാർ എല്ലാവരും ഇതുമായി സഹകരിക്കണമെന്നും കോടതി നിർദേശിക്കുന്നു.
ഉമ്മൻ ഐപ്പ് നിർമ്മിച്ച കൺവൻഷൻ സെന്റർ ഇരിക്കുന്ന ഭാഗത്ത് 65 വർഷത്തോളമായി ഗോഡൗൺ 65 വർഷത്തോളമായി പ്രവർത്തിച്ചിരുന്നതാണെന്നു ഹൈക്കോടതി കണ്ടെത്തി. ഇത് നഗരസഭയുടെ ബിൽഡിംങ് പെർമിറ്റ് അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും ഹൈക്കോടതി വിധിയിൽ പരാമർശിക്കുന്നു.
കോട്ടയം നഗരസഭയുടെ 11 -ാം വാർഡിൽ ഈരയിൽക്കടവിൽ മൂന്ന് ഏക്കറിലാണ് ആൻസ് ഇന്റർനാഷണൽ കൺവൻഷൻ സെന്റർ പ്രവർത്തിക്കുന്നത്. ഈരയിൽക്കടവിലെ പഴയ ട്രാവൻകൂർ പ്ലൈവുഡ് കമ്പനിയുടെ സ്ഥലത്താണ് കൺവൻഷൻ സെന്റർ നിർമ്മിച്ചിരിക്കുന്നത്. നഗരസഭയിൽ കൺവൻഷൻ സെന്ററിന് അനുമതി ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചെങ്കിലും, തൊടുന്യായങ്ങൾ പറഞ്ഞ് നഗരസഭ ഇത് നിരസിക്കുകയായിരുന്നു. തുടർന്നാണ് നിർമ്മാണം റെഗുലറൈസ് ചെയ്തു ലഭിക്കുന്നതിനായി നഗരസഭയും, ടൗൺ പ്ലാനിങ് വിഭാഗവും ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങൾ പരിഹരിച്ച ശേഷം ഉമ്മൻ ഐപ്പ് വീണ്ടും അപേക്ഷ നൽകി. എന്നാൽ, ഇതും മതിയായ കാരണങ്ങൾ പറയാതെ നഗരസഭ നിരസിക്കുകയായിരുന്നു.
തുടർന്ന്, ഇദ്ദേഹം നൽകിയ അപേക്ഷ പരിഗണിച്ച ജില്ലാ തല ക്രമവത്കരണ കമ്മിറ്റി യോഗം ചേർന്ന ശേഷം പിഴ തുക ഈടാക്കുകയും, കെട്ടിടത്തിന് അനുമതി നൽകാൻ നിർദേശം നൽകുകയും ചെയ്തു. എന്നിട്ടും, നഗരസഭ അധികൃതർ കെട്ടിടത്തിന് അനുമതി നൽകാൻ തയ്യാറായില്ല. ഇതേ തുടർന്നാണ് ആൻസ് കൺവൻഷൻ സെന്റർ ഉടമ, ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.