തന്റെ വിമാനം തട്ടിക്കൊണ്ടുപോയെന്ന് ട്വീറ്റ് ചെയ്തതിന് ശേഷം ഇന്ത്യൻ വിമാനത്താവളത്തിൽ അറസ്റ്റിലായ ഒരു സോഫ്റ്റ് വെയർ എഞ്ചിനീയർ ക്ഷമാപണം നടത്തുകയും താൻ ഈ പദം തെറ്റായി ഉപയോഗിച്ചുവെന്ന് പറയുകയും ചെയ്തു.
ദുബായില്‍ നിന്ന് ജയ്പൂരിലേക്ക് യാത്ര തിരിച്ച വിമാനം സാങ്കേതിക കാരണങ്ങളാല്‍ ഡല്‍ഹിയില്‍ ഇറക്കിയിരുന്നു. ഇതിനിടെ സ്പൈസ് ജെറ്റ് വിമാനം റാഞ്ചിയെന്ന് ട്വീറ്റ് യാത്രക്കാരനായ യുവാവ് പങ്കുവെയ്ക്കുകയായിരുന്നു. അനാവശ്യ ഭീതി പരത്താന്‍ ശ്രമിച്ച യുവാവിനെ വിമാനത്തില്‍ നിന്ന് പുറത്താക്കി സ്പൈസ് ജെറ്റ് അധികൃതര്‍ പൊലീസില്‍ ഏല്‍പ്പിച്ചു.
രാജസ്ഥാനിലെ നഗൂര് സ്വദേശി മോട്ടി സിംഗ് റാത്തോഡിനെ (29) ആണ് പുറത്താക്കിയത്. മോശം കാലാവസ്ഥ മൂലം സാധാരണയില്‍ നിന്നും വ്യത്യസ്തമായി മറ്റൊരു റൂട്ടിലൂടെയാണ് വിമാനം ദുബായില്‍ നിന്ന് യാത്ര തിരിച്ചത്. രാവിലെ 9.45ന് ഡല്‍ഹിയില്‍ എത്തുകയും ചെയ്തു. പിന്നീട് ഉച്ചയ്ക്ക് 1.40ന് ജയ്പൂരിലേക്ക് പുറപ്പെടുകയും ചെയ്തു. ഇതിനിടെയായിരുന്നു വിമാനം ഹൈജാക്ക് ചെയ്തുവെന്ന് അറിയിച്ച് യുവാവ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
വിവരം ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാളെ വിമാനത്തില്‍ നിന്ന് പുറത്താക്കുകയും കൂടുതല്‍ നിയമനടപടികള്‍ക്കായി പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.