റിക്ടർ സ്കെയിൽ ഒരു ഉപകരണമല്ല; പിന്നെ എങ്ങനെ ഭൂകമ്പം അളക്കുന്നു ?
തുർക്കിയിലും സിറിയയിലും നടന്ന ലോകജനതയെ നടുക്കിയ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രത്യേക ലേഖനം.
ഭൂകമ്പമാപിനിയിൽ രേഖപ്പെടുത്തുന്ന ഭൂകമ്പതരംഗങ്ങളുടെ ആധിക്യം ലോഗരിതം തത്ത്വം ഉപയോഗിച്ച് കണക്കാക്കുന്ന സംവിധാനമാണ് റിക്ടർ സ്കെയിൽ. ഭൂകമ്പത്തിന്റെ തീവ്രത പൂർണ്ണസംഖ്യയും ദശാംശസംഖ്യയും ഉപയോഗിച്ചാണ് റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തുന്നത്. ഭൂകമ്പ തീവ്രത അളക്കുന്ന മാനകമാണ് റിക്ടർ മാനകം.
1935-ൽ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ചാൾസ് എഫ്. റിക്ടർ എന്ന ശാസ്ത്രജ്ഞനാണ് ഈ സ്കെയിൽ രൂപകല്പന ചെയ്തത്. അദ്ദേഹത്തോടുളള ബഹുമാനസൂചകമായി ഈ സംവിധാനത്തെ റിക്ടർ സ്കെയിൽ എന്നുവിളിക്കുന്നു. എത്ര ചെറിയ ഭൂകമ്പവും റിക്ടർ സ്കെയിൽ ഉപയോഗിച്ച് രേഖപ്പെടുത്താനാകും. ഭൂമിയുടെ പലഭാഗങ്ങളിലും 2.0 തീവ്രതയോ അതിൽ കുറവോ ആയ ഭൂകമ്പങ്ങൾ രേഖപ്പെടുത്താറുണ്ട്. എന്നാൽ ഇവ മനുഷ്യന് അനുഭവഗോചരമാകാറില്ല. എന്നാൽ സിസ്മോഗ്രാഫിൽ ഇവയ്ക്കനുസരിച്ച് കമ്പനങ്ങൾ രേഖപ്പെടുത്തുന്നതിനാൽ റിക്ടർ സ്കെയിലിൽ ഈ കമ്പനങ്ങളുടെ തീവ്രത രേഖപ്പെടുത്താൻ സാധിക്കുന്നു. എത്ര ഉയർന്ന ഭൂകമ്പ തീവ്രത വേണമെങ്കിലും ഈ സ്കെയിലിൽ രേഖപ്പെടുത്താൻ സാധിക്കും. ഈ സംവിധാനത്തിൽ ഉന്നതപരിധി ഇല്ലാത്തതിനാലാണിത്. റിക്ടർ സ്കെയിൽ ഉപയോഗിച്ച് ഭൂകമ്പം മൂലമുണ്ടായ നാശനഷ്ടങ്ങൾ ഒരിക്കലും കണ്ടുപിടിക്കാൻ കഴിയില്ല. ജനങ്ങൾ തിങ്ങി പാർക്കുന്ന നഗരത്തിലും വിജനമായ വനപ്രദേശത്തും 6.5 തീവ്രതയുള്ള ഭൂകമ്പമുണ്ടായാൽ 6.5 എന്നു മാത്രമേ റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തുകയുള്ളൂ.
ഭൂകമ്പം എങ്ങനെ അളക്കും ?
റിക്ടർ നിർദ്ദേശിച്ച സ്കെയിൽ ജ്യോതിശാസ്ത്രപരമായ മാഗ്നിറ്റ്യൂഡ് സ്കെയിലുകളുടെ യുക്തിയെ അനുകരിക്കുന്ന ലോഗരിതം ഉപയോഗിക്കുന്നു. അതിന്റെ കണക്കുകൂട്ടൽ സൂത്രവാക്യം ഇപ്രകാരമാണ്:
M = logA + 3log(8Δt) – 2,92 = log10 [(A.Δt3)/(1,62)]
M = ഏകപക്ഷീയവും എന്നാൽ ഒരേ ഊർജ്ജം പുറത്തുവിടുന്ന സ്ഥിരമായതുമായ ഭൂകമ്പം
A = ഭൂകമ്പ തരംഗങ്ങൾ മില്ലിമീറ്ററിൽ രേഖപ്പെടുത്തുന്ന ഭൂകമ്പ തരംഗ വ്യാപ്തി
t = പ്രൈമറി (P) ന്റെ ആരംഭം മുതൽ ദ്വിതീയ (S) തരംഗത്തിലേക്കുള്ള നിമിഷങ്ങളിൽ സമയം.