യു. എ. ഇ സന്ദർശിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ജനുവരി 11ന് ദുബായിലും ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ജനുവരി 11 വൈകുന്നേരം 4.30 നാണ് രാഹുൽ ഗാന്ധി ദുബായിയിൽ പ്രവാസി ഇന്ത്യക്കാരെ അഭിവാദ്യം ചെയ്ത് സംസാരിക്കുന്നത്.
കഴിഞ്ഞ ഡിസംബറിൽ കോൺഗ്രസ് പ്രസിഡണ്ട് സ്ഥാനം ഏറ്റെടുത്ത രാഹുൽ മൂന്നു സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ അട്ടിമറി വിജയത്തിന് ശേഷം ദേശീയ രാഷ്ട്രീയത്തിൽ മങ്ങിയ പ്രതിച്ഛായ വീണ്ടെടുക്കുന്ന അവസരത്തിലാണ് ദുബായ് സന്ദർശനത്തിനെത്തുന്നത് രാഹുലിന്റെ വിദേശ പര്യടനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമാണ് നിരീക്ഷകർ കൽപ്പിക്കുന്നത്. പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി അനുഭാവികളെ സജ്ജരാകുക എന്ന ലക്ഷ്യത്തോടെയാണ് രാഹുലിന്റെ വിദേശ പര്യടനം എന്ന് കരുതുന്നു.
കഴിഞ്ഞ വർഷം അമേരിക്ക, ജർമ്മനി, ബ്രിട്ടൺ, സിംഗപ്പൂർ, മലേഷ്യ എന്നീ രാഷ്ട്രങ്ങൾ സന്ദർശിച്ചു കൊണ്ട് തുടക്കമിട്ട അന്താരാഷ്ട്ര സമ്പർക്ക പരിപാടിയുടെ ഭാഗമായാണ് സന്ദർശമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സ്ഥിരീകരണം. ഈ വർഷം തന്നെ രാഹുൽ ഗാന്ധി മറ്റൊരു ഗൾഫ് രാഷ്ട്രമായ ബഹ്റൈനും സന്ദർശിച്ചിരുന്നു.