യുഎഇയിലെ ഏക ഇന്ത്യൻ ധനകാര്യ സ്ഥാപനമായ ബാങ്ക് ഓഫ് ബറോഡ ബാങ്കിന്റെ അൽ ഐൻ ബ്രാഞ്ച് അടുത്ത മാസം മാർച്ച് 22 ന് അടയ്ക്കുന്നതായും “സേവനങ്ങളുടെ സുഗമമായ തുടർച്ച ഉറപ്പാക്കാൻ, നിലവിൽ അൽ ഐൻ ശാഖയിൽ പരിപാലിക്കുന്ന എല്ലാ അക്കൗണ്ടുകളും ബാങ്കിന്റെ യുഎഇയിലെ അബുദാബി ശാഖയിലേക്ക് മാറ്റുന്നതായും ബാങ്ക് വക്താവ് പറഞ്ഞു.
അൽ ഐൻ ശാഖയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ “തെറ്റിദ്ധരിപ്പിക്കുന്നതും തെറ്റായതുമായ വിവരങ്ങൾ” പ്രചരിപ്പിക്കുന്നത് വിശ്വസിക്കരുതെന്ന് ബാങ്ക് ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.
ഒരു വർഷം മുമ്പ് യുഎഇയിലെ അൽ ഐൻ ശാഖ അടച്ചുപൂട്ടാൻ ബാങ്ക് ഓഫ് ബറോഡ വാണിജ്യപരമായ തീരുമാനമെടുത്തിരുന്നുവെന്നും അതിനായി സെൻട്രൽ ബാങ്ക് ഓഫ് യുഎഇയിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്നും ബാങ്കിന്റെ വക്താവ് പറഞ്ഞു. ശാഖ അടച്ചുപൂട്ടാനുള്ള തീരുമാനം ഒരു വർഷം മുമ്പാണ് എടുത്തതെന്നും അടച്ചുപൂട്ടുന്നത് സംബന്ധിച്ച് ഉപഭോക്താക്കൾക്ക് കഴിഞ്ഞ മാസം നോട്ടീസ് നൽകിയിട്ടുണ്ടെന്നും വക്താവ് വ്യക്തമാക്കി.
അതേസമയം, അൽഐൻ ശാഖയിൽ അക്കൗണ്ട് ക്ലോസ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് മാർച്ച് 22 ന് മുമ്പ് ചാർജുകളോ പിഴകളോ ഈടാക്കാതെ അത് ചെയ്യാം. ബാങ്ക് ഓഫ് ബറോഡ 1974 മുതൽ യുഎഇയിൽ പ്രവർത്തിക്കുന്നുണ്ട് . യുഎഇയിൽ സമ്പൂർണ പ്രവർത്തനങ്ങളുള്ള ഏക ഇന്ത്യൻ ബാങ്കാണിത്.