പൈലറ്റ് ബോധരഹിതനായതിനെ തുടര്‍ന്ന് സുരക്ഷിതമായി വിമാനം ലാന്‍ഡ് ചെയ്യിച്ച് യാത്രക്കാരനായ പൈലറ്റ്. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്.
സൗത്ത്വെസ്റ്റ് എയര്‍ലൈന്‍സ് വിമാനം പറത്തുന്നതിനിടയിലാണ് അപ്രതീക്ഷിതമായി പൈലറ്റ് പെട്ടെന്ന് ബോധരഹിതനായത്. തുടര്‍ന്ന് സുരക്ഷിതമായി വിമാനം ലാന്‍ഡ് ചെയ്യാന്‍ സഹായിച്ച വിമാനത്തിലെ യാത്രക്കാരനായ ഒരു ഓഫ് ഡ്യൂട്ടി പൈലറ്റിന് ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ്.
സൗത്ത് വെസ്റ്റ് ഫ്‌ലൈറ്റ് 6103 ബുധനാഴ്ച രാവിലെ ലാസ് വെഗാസില്‍ നിന്ന് ഒഹായോയിലെ കൊളംബസിലെ ജോണ്‍ ഗ്ലെന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രയിലായിരുന്നു. യാത്രാമധ്യേ ബോയിംഗ് 737 വിമാനത്തിലെ രണ്ട് പൈലറ്റുമാരില്‍ ഒരാള്‍ക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് പൈലറ്റിന് ബോധം നഷ്ടപ്പെടുകയും അദ്ദേഹത്തെ വിമാനത്തിന്റെ പിന്‍ഭാഗത്തേക്ക് മാറ്റുകയും ജോലിക്കാര്‍ പ്രഥാമിക ചികിത്സ നല്‍കുകയും ചെയ്തു.
വിമാനത്തില്‍ യാത്രക്കാരനായി ഉണ്ടായിരുന്ന ഒരു ഓഫ് ഡ്യൂട്ടി പൈലറ്റ് ഉടനെ തന്നെ വിമാനത്തിന്റെ കോക്ക്പിറ്റിലേക്ക് കയറുകയും വിമാനം പറക്കുന്ന സമയം റേഡിയോ ആശയവിനിമയങ്ങള്‍ കൈകാര്യം ചെയ്യുകയും ചെയ്തു. വിമാനത്തിന്റെ ഫസ്റ്റ് ഓഫീസര്‍ വിമാനം ലാസ് വെഗാസിലേക്ക് തിരിച്ചയച്ചു, പറന്നുയര്‍ന്ന് ഒരു മണിക്കൂറിലധികം കഴിഞ്ഞ് ഹാരി റീഡ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തു.