ഈ വർഷം 2023 അവസാനത്തോടെ ജുമൈറ ഏരിയയിൽ പത്ത് സെൽഫ് ഡ്രൈവിംഗ് ടാക്സികൾ പൊതു ഉപയോഗത്തിനായി വിന്യസിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയിലെ പൊതുഗതാഗത ഏജൻസി ട്രാൻസ്‌പോർട്ടേഷൻ സിസ്റ്റംസ് ഡയറക്ടർ ഖാലിദ് അൽ അവാദി അറിയിച്ചു.
2030ഓടെ ദുബായിൽ ഉടനീളം 4,000 സെൽഫ് ഡ്രൈവിംഗ് ടാക്സികൾ ക്രമാനുഗതമായി വിന്യസിക്കുമെന്നും അടുത്ത വർഷം ഇതേ മേഖലയിൽ കൂടുതൽ സെൽഫ് ഡ്രൈവിംഗ് ടാക്സികൾ ആർടിഎ കൂട്ടിച്ചേർക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിന്റെ നിരക്ക് ഇതുവരെ അന്തിമമാക്കിയിട്ടില്ല, എന്നാൽ നിലവിൽ ലിമോ ടാക്സികൾ ഈടാക്കുന്ന നിരക്കുമായി താരതമ്യപ്പെടുത്താവുന്നതാണ്, ലിമോ ടാക്സികൾക്ക് നിരക്ക് സാധാരണയായി ദുബായിലെ സാധാരണ ടാക്സികളേക്കാൾ 30 ശതമാനം കൂടുതലാണ്.
സെൽഫ് ഡ്രൈവിംഗ് ടാക്‌സിക്ക് പിന്നിൽ മൂന്ന് യാത്രക്കാർക്ക് ഇരിക്കാം, എന്നാൽ മുൻവശത്ത് യാത്രക്കാരെ അനുവദിക്കില്ല. ജുമൈറ 1 ഏരിയയിലെ അഞ്ച് ഷെവി ബോൾട്ട് അധിഷ്ഠിത ഓട്ടോണമസ് വാഹനങ്ങൾ (Chevy Bolt-based autonomous vehicles ) ഉപയോഗിച്ച് ദുബായിലെ ട്രാഫിക് സിഗ്നലുകൾ, സൈനേജ്, ഡ്രൈവർമാരുടെ പെരുമാറ്റം എന്നിവയ്‌ക്കായുള്ള ഡാറ്റ ശേഖരണവും പരീക്ഷണവും ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. ഈ സംരംഭം ദുബായിൽ സെൽഫ് ഡ്രൈവിംഗ് റൈഡ്ഹെയ്ൽ സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള ഒരു അടിസ്ഥാന ചുവടുവെപ്പാണ്.