യുഎഇക്ക് ഈദ് അൽ ഫിത്തർ സമ്മാനമായി റാഷിദ് റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നു. നേരത്തെ ഷെഡ്യൂൾ ചെയ്തതുപോലെ ഈദ് അൽ ഫിത്തർ അവധിയ്ക്ക് ശേഷം ഏപ്രിൽ 25 ചൊവ്വാഴ്ചയാണ് റോവർ ലാൻഡ് ചെയ്യുന്നത്.
ഏപ്രിൽ 25-ന് ഏകദേശം 3.40pm-ന് (യുഎഇ സമയം 7.40pm) ലാൻഡർ 100km ഉയരത്തിലുള്ള ഭ്രമണപഥത്തിൽ നിന്ന് ലാൻഡിംഗ് സീക്വൻസ് ആരംഭിക്കും. ലാൻഡർ അതിന്റെ പ്രധാന പ്രൊപ്പൽഷൻ സിസ്റ്റം ഉപയോഗിച്ച് ബ്രേക്കിംഗ് ബേൺ നടത്തും. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള കമാൻഡുകൾ ഉപയോഗിച്ച്, ലാൻഡർ ചന്ദ്രോപരിതലത്തിൽ സാവധാനം ലാൻഡിംഗ് നടത്തുന്നതിന് വേഗത കുറയ്ക്കും. ഈ പ്രക്രിയയ്ക്ക് ഏകദേശം ഒരു മണിക്കൂർ എടുക്കുമെന്ന് ജപ്പാൻ ആസ്ഥാനമായുള്ള ispace പറഞ്ഞു.
മൂന്ന് ബദൽ ലാൻഡിംഗ് സൈറ്റുകളുണ്ട്, അവയെ ആശ്രയിച്ച്, ലാൻഡിംഗ് തീയതി മാറിയേക്കാം. ഇതര ലാൻഡിംഗ് തീയതികൾ, പ്രവർത്തന നില അനുസരിച്ച്, ഏപ്രിൽ 26, മെയ് 1, മെയ് 3 എന്നിവയാണ്.
കഴിഞ്ഞ മാസമാണ് ലാൻഡർ ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്. ഭ്രമണപഥത്തിലേക്ക് പ്രവേശിച്ച ശേഷം, ലാൻഡറിന്റെ ഓൺബോർഡ് ക്യാമറ ചന്ദ്രന്റെ ചിത്രങ്ങൾ പകർത്തി അയച്ചിരുന്നു.