ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നൽകുന്ന ഗ്രാൻഡ് ഓഫീസർ റാങ്കിലുള്ള നാഷണൽ ഓർഡർ ഓഫ് ദി ലെജിയൻ ഓഫ് ഓണർ, സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിം സ്വീകരിച്ചു. ഷാർജ ഭരണാധികാരിയുടെ ശാസ്ത്ര-സാംസ്‌കാരിക-സാഹിത്യ സംഭാവനകൾക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾക്കുമുള്ള അംഗീകാരമായാണ് ഫ്രാൻസിലെ ഏറ്റവും ഉയർന്ന ബഹുമതി നൽകിയത്.
അൽ ബദീ പാലസിൽ നടന്ന ചടങ്ങിൽ യുഎഇയിലെ ഫ്രഞ്ച് അംബാസഡർ നിക്കോളാസ് നീംച്ചിനോവിൽ നിന്നാണ് ഷാർജ ഭരണാധി ബഹുമതി ഏറ്റു വാങ്ങിയത്. ചടങ്ങിൽ ഷാർജ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി, ഷാർജ ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് അബ്ദുല്ല ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമി, ഷാർജ ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി എന്നിവർ പങ്കെടുത്തു.