ഷാർജയിൽ വൃത്തിയില്ലാതെ പൊടി പിടിച്ച് ഉപേക്ഷിക്കപ്പെട്ട 1,527 വാഹനങ്ങൾ കണ്ടുകെട്ടിയതായി മുനിസിപ്പാലിറ്റി അറിയിച്ചു.
വാഹനങ്ങൾ വൃത്തിയാക്കാതെകിടന്നത് ഷാർജ നഗരത്തിന്റെ മുഖച്ഛായയെ ബാധിച്ചു. മൂന്ന് മാസത്തിനിടെ ഷാർജയിലെ എല്ലാ മേഖലകളിലും നടത്തിയ 25,294 പരിശോധനകളിലൂടെയാണ് 1,527 വാഹനങ്ങൾ കണ്ടുകെട്ടിയത്.
ഷാർജ എമിറേറ്റിന്റെ പൊതുസ്വഭാവത്തെ ദോഷകരമായി ബാധിക്കുകയും താമസക്കാർക്ക് അസൗകര്യം ഉണ്ടാക്കുകയും ചെയ്യുന്ന നിഷേധാത്മക സ്വഭാവങ്ങൾ നിരീക്ഷിക്കുന്നതിനാണ് മുനിസിപ്പാലിറ്റി ഇത്തരത്തിലുള്ള സന്ദർശനം നടത്തിയതെന്ന് ഷാർജ മുനിസിപ്പാലിറ്റിയിലെ കൺട്രോൾ ആൻഡ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെന്റ് ആക്ടിംഗ് ഡയറക്ടർ ഖലീഫ ബുഗാനിം അൽ സുവൈദി പറഞ്ഞു. അതേ കാലയളവിൽ, മുനിസിപ്പാലിറ്റി പിടിച്ചെടുത്ത 1,461 വാഹനങ്ങളുടെ പിഴയടച്ചതിന് ശേഷം വിട്ടയക്കുകയും നിയമലംഘനങ്ങൾ ആവർത്തിക്കരുതെന്ന് ഉടമകൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.