ദുബായിൽ കാൽനടയാത്രക്കാരനെ കാറിടിച്ച് കൊലപ്പെടുത്തി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട 35 കാരനായ ഇന്ത്യൻ ഡ്രൈവർക്ക് ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി 6 മാസം തടവും 10,000 ദിർഹം പിഴയും വിധിച്ചു.
കഴിഞ്ഞ വർഷം ജൂലൈ 26 നാണ് അപകടം നടന്നത്. അപകടം നടന്ന പ്രദേശത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിൽ നിന്ന് കാറിന്റെ നമ്പർ പ്ലേറ്റ് ലഭിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥർ ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അൽഖൂസ് ഇൻഡസ്ട്രിയൽ ഏരിയ 4ലെ ഇന്റേണൽ റോഡിലാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാൽനടയാത്രക്കാരൻ ഏകദേശം അഞ്ച് മീറ്ററോളം ദൂരത്തേക്ക് തെറിച്ചതായി നിരീക്ഷണ ക്യാമറ ഫൂട്ടേജിൽ കണ്ടെത്തിയതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ കോടതിയിൽ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ കാറിന്റെ സൈഡ് മിറർ അപകടസ്ഥലത്ത് നിന്ന് കണ്ടെത്തി.
കോടതിയിൽ ഡ്രൈവർ ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിച്ചു, പ്രത്യാഘാതങ്ങളെ ഭയന്നാണ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതെന്നും കോടതിയിൽ പറഞ്ഞു. ഡ്രൈവർക്ക് 10,000 ദിർഹം (2,700 ഡോളർ) പിഴയും, മരണപ്പെട്ടയാളുടെ കുടുംബത്തിന് 200,000 ദിർഹം നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു. ഇടിയിൽ തലയ്ക്ക് ഗുരുതരമായി കാൽനടയാത്രക്കാരൻ റാഷിദ് ആശുപത്രിയിൽ രണ്ടാം ദിവസമാണ് മരിച്ചത്. വിധി പുറപ്പെടുവിച്ച തീയതി മുതൽ ഒരു വർഷത്തേക്ക് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്.ആറുമാസത്തെ ശിക്ഷാകാലാവധി പൂർത്തിയാക്കിയെങ്കിലും നഷ്ടപരിഹാരം നൽകുന്നതുവരെ ഇയാൾ ജയിലിൽ തുടരും.