Search
Close this search box.

ഇത് കമറുദ്ദീൻ : പാവപ്പെട്ട പ്രവാസികളുടെ നവാബ് രാജേന്ദ്രൻ !

This is Kamaruddin: Nawab Rajendran of poor expatriates!

ഇത് കമറുദ്ദീൻ : പാവപ്പെട്ട പ്രവാസികളുടെ നവാബ് രാജേന്ദ്രൻ !

ഗൾഫ് മലയാളികൾക്കിടയിലുള്ളത്ര സംഘടനകൾ മറ്റെങ്ങും ഉണ്ടാവാനിടയില്ല. കേരളത്തിലെ വാർഡ് , പഞ്ചായത്ത് , ജില്ല , നിയമസഭാമണ്ഡലം തുടങ്ങിയ തലങ്ങളിലും മഹല്ലുകള്‍ കേന്ദ്രീകരിച്ചുമൊക്കെ ഗൾഫ് മലയാളിസംഘടാനാപ്രവർത്തനങ്ങൾ ഏതെല്ലാമോ പേരുകളിൽ എത്രയോ കാലമായി നടന്നുവരുന്നു !
എല്ലാറ്റിന്റെയും ലക്ഷ്യവും മുദ്രാവാക്യവും ഒന്നുതന്നെ : പ്രവാസികളുടെനിലനില്പ് , ക്ഷേമം , ശോഭനമായ ഭാവി …
ഈ ആവശ്യങ്ങൾ മുഴങ്ങിക്കേൾക്കാന്‍ തുടങ്ങിയിട്ട് നാല്പത് , നാല്പത്തഞ്ചു വർഷങ്ങൾ കഴിഞ്ഞു . ഇനിയും എത്ര വർഷങ്ങൾ വേണമെങ്കിലും ഇത് തുടരുകയും ചെയ്യും. കാരണം ഇത് ഇനിയും എങ്ങുമെത്താതെ കിടക്കുന്ന വിഷയങ്ങളാണ്.

പ്രവാസിക്ഷേമ വകുപ്പുണ്ടാക്കി , അതിനൊരു മന്ത്രിയും കാര്യാലയവും ഫണ്ടും അടിക്കടിയുള്ള വിദേശയാത്രകളുമൊക്കെയായി മാറിമാറിവന്ന സർക്കാരുകളും പ്രവാസജീവിതത്തെ ആഘോഷമാക്കി. ഇതിലെല്ലാമുപരി 1998 ല്‍ വമ്പൻ പദ്ധതികളുമായി നോർക്കയും വന്നു.
‘ എന്നിട്ടും കോരന് കഞ്ഞി കുമ്പിളിൽതന്നെ ‘ എന്നാണ് കമറുദ്ധീൻ ബ്രഹ്മകുളം ഈ വിഷയത്തിൽ ഇടപെട്ടുനടത്തിയ പതിറ്റാണ്ടുകൾ നീണ്ട പോരാട്ടത്തിന്റെ തീക്ഷ്‌ണാനുഭവങ്ങളുടെ പിൻബലത്തിൽ പറയുന്നത്.

“ആരാണ് ഈ കമറുദ്ധീൻ ബ്രഹ്മകുളം ?
എന്താണയാൾ ചെയ്തത് ? ഞങ്ങൾ ഇയാളെ അറിയില്ലല്ലോ . ”
പ്രവാസി ക്ഷേമ കാര്യങ്ങളുടെ ‘ ഒഫീഷ്യൽ ടാഗ് ‘ കഴുത്തിലിട്ടുനടക്കുന്ന ആളുകൾ , മേൽപ്പറഞ്ഞ സംഘടനകളുടെ ഭാരവാഹികളും മറ്റും ഇങ്ങനെ ചോദിച്ചേക്കാം .
അവര്‍ ആരും തന്നെ കമറുദ്ധീനെ അറിയണമെന്നില്ല . അറിയുമെങ്കിൽ തന്നെയും അറിയാഭാവം നടിക്കാനായിരിക്കും ഇഷ്ടം.  കാരണം തങ്ങൾക്കു സമാന്തരമായി സഞ്ചരിക്കുന്ന ഒരാൾ അവർക്കൊക്കെയും ശല്യക്കാരനായിരിക്കും .

അറിയപ്പെടുന്നതും കേമത്വം കല്പിക്കപ്പെട്ടിട്ടുള്ളതുമായ ഒരു സംഘടനയിലും ഭാരവാഹിയല്ല കമറുദ്ധീൻ . ക്ഷണിക്കപ്പെട്ട വലിയ എൻ ആർ ഐ വേദികളിലും ഉന്നതസ്ഥാനീയർക്കിടയിലും അദ്ദേഹം ഒരു കസേരതരപ്പെടുത്താൻ തത്രപ്പെട്ടിട്ടുമില്ല. പക്ഷേ പ്രവാസികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി ഇത്രത്തോളം പോരാടിയ ഒരാൾ അപൂർവമായേ ഉണ്ടാകൂ . ആ ശ്രമങ്ങളും ത്യാഗോജ്വലതയും വേറെ കണ്ടെടുക്കുക പ്രയാസം . അതിന്റെ സഫലതയാണ് ഈ വിഷയത്തിലുള്ള ഔദ്യോഗിക തലങ്ങളിലെ അനാസ്ഥക്കെതിരെ അദ്ദേഹം പൊരുതി നേടിയ കോടതി വിധി . എന്നിട്ടും ആ വിധിക്കുമേൽ അടയിരിക്കുകയാണ് ഇപ്പോഴും സർക്കാർ എന്ന്‌ കമറുദ്ധീൻ ദുബായിലെ ഒറ്റമുറി ഫ്ലാറ്റിലിരുന്നു രോഷം കലർന്ന വേദനയോടെ പറയുന്നു.

” ഞാൻ ഗൾഫിൽ എത്തിയിട്ട്നാല്പത്തി നാലുവർഷമായി . ഇത്രയും വർഷം ഞാൻ ചെയ്തത് ഡ്രൈവർ പണിയാണ് . ഇതിൽനിന്നു കിട്ടിയ വരുമാനത്തിലേറെയും ഞാൻ ചിലവഴിച്ചത് പ്രവാസി സമൂഹത്തിനോട് മാറിമാറി വന്ന സർക്കാരുകൾ കാട്ടിയ അവഗണക്കെതിരെ പ്രവർത്തിക്കാനും യാത്രചെയ്യാനും ആളെ കൂട്ടാനുമാണ് ” കമറുദ്ധീൻ പറയുന്നു

‘ഞാനും എന്റെ കുടുംബവും ഞങ്ങളുടെ കാര്യവും ‘ എന്ന രീതിയിൽ കഴിയുന്ന ഭൂരിപക്ഷം ഗൾഫ് മലയാളികളിൽ ഒരുവനായി ജീവിക്കാതെ തനിക്കു ചുറ്റുമുള്ളവരുടെ പ്രശ്നങ്ങൾക്കു പരിഹാരം തേടിനടന്ന കമറുദ്ധീന്റെ വക്തിപരമായ നഷ്ടം ജീവിതത്തോളം പോന്നതാണ് .

നാലുപതിറ്റാണ്ടുകാലം ഡ്രൈവറായി ഖത്തറിലും യൂ എ ഇ ലുമായി ജീവിച്ച കമറുദ്ധീന് ഇനിയും സ്വന്തമായി ഒരു വാഹനമില്ല .നാട്ടിലുമില്ല. ബസ്സിലേറിയും നടന്നുമാണ് അദ്ദേഹം നാട്ടിലെത്തിയാൽ അവധിക്കാലം ചെലവഴിക്കുന്നത്.

” അതിലൊന്നും എനിക്ക് സങ്കടമില്ല .ഞാൻ എന്നെപ്പറ്റി ഇതേവരെ ചിന്തിച്ചിട്ടില്ല .ഞാൻ ജനിച്ചുവളർന്ന ബ്രഹ്മകുളത്തും ( തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്ക് ) പരിസരങ്ങളിലും നിറയെ ഗൾഫ് കുടുംബങ്ങളാണ്.  പഠിച്ച് ഉദ്യോഗം തേടി പോയവരല്ല അവരാരും .പഠിപ്പു പാതിവഴിയുപേക്ഷിച്ച് പട്ടിണിമാറ്റാൻ ഗൾഫിൽ പോയവരാണ്. ആദ്യകാലത്തു പോയവരിൽ ഏറെപ്പേരും മടങ്ങിവന്നിരിക്കുകയാണ് . കുറേ നാളായി നടക്കുന്ന ഈ തിരിച്ചൊഴുക്ക് കൊറോണക്കാലത്തു വലിയ തോതിലായി.ഭൂരിപഷം പേരും ഗൾഫിൽ താഴ്ന്ന വരുമാനക്കാരായി കഴിഞ്ഞവരാണ് .അതിനാൽ ഒരു വീടൊഴികെ സമ്പാദ്യമൊന്നുമില്ല .അതുകൊണ്ട് വല്ലാത്ത ദാരിദ്ര്യത്തിലാണ്.

‘പുനരധിവാസം’ എന്ന ഓമനപ്പേരിൽ വലിയ വാഗ്‌ദാനങ്ങൾ നടത്തുന്ന അധികൃതർ കാലാകാലങ്ങളിൽ ഇവരെ പറ്റിച്ചുകൊണ്ടിരിക്കുകയാണ് . ഈ സത്യം ഇങ്ങനെ ഒരുസാധാരണകാര്യംപോലെ പറഞ്ഞുപോകേണ്ടതല്ലെന്നും ഇവരോട് കാട്ടുന്നത് ക്രൂരമായ അവഗണനയാണെന്നും ഞാൻ അനുഭവത്തിൽ അറിയുകയായിരുന്നു .അതെന്നെ പൊള്ളിച്ചു . എന്നെ മാത്രമല്ല , ഇരുണ്ട ഭാവിയുമായി കഴിയുന്ന എല്ലാവരെയും ഇതുപൊള്ളിക്കുന്നുണ്ട് .
എന്തെങ്കിലും നമുക്ക് ചെയ്യേണ്ടേ ?

സംസ്ഥാനത്തെത്തന്നെ പട്ടിണിയിൽനിന്നുയർത്തിക്കൊണ്ടുവന്ന ഒരു സമൂഹത്തെ അധികൃതർ എത്രയോ കാലമായി ഇങ്ങനെ അവഗണിക്കുന്നതിനെതിരെ ശബ്‌ദമുണർത്തേണ്ടതല്ലേ ?”

കമറുദ്ധീന്റെ ഈ ചോദ്യങ്ങൾക്കു ചുറ്റുമായി , അതിന്റെ ഇരകളായവർ വട്ടം കൂടാൻ തുടങ്ങി .ക്രമേണ അതൊരു വലിയ ആൾക്കൂട്ടമായി . ജാതിമത രാഷ്ട്രീയ ഭേദമില്ലാതെ അവര്‍ ഒരേ വികാരത്തോടെ കമറുദ്ധീന്റെ പിന്നിൽ അണിനിരന്നു. “അവധിക്കു വരുമ്പോഴെല്ലാം നാട്ടിൽ ഞാൻ അവർക്കിടയിൽ പ്രവർത്തിച്ചു. ഗൾഫിൽ ആയിരിക്കുമ്പോൾ ഇതേ അവസ്ഥയിൽ കഴിയുന്നവർക്കിടയിലും പ്രവർത്തിച്ചു . രണ്ടിടത്തുമായി വിശ്രമമില്ലാതെ ഞാൻ ഓടിനടന്നു .ഒന്നും മുൻകൂട്ടി തീരുമാനിച്ചതല്ല. ഏതോ ഒരുൾവിളിപോലെ ഞാൻ ഇതിലേക്ക് വീഴുകയായിരുന്നു . ” കമറുദ്ധീൻ പറയുന്നു .

“ നാട്ടിൽ മടങ്ങിയെത്തിയവർ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയുടെയും അവഗണനയുടെയും നന്ദികേടിന്റെയും ആഴം എത്ര ഭീകരമാണെന്നു ഞാനറിയുന്നത് ഇവർക്കിടയിൽ ഒരു സർവ്വേ നടത്തേണ്ടി വന്നപ്പോഴാണ്.

1992 ൽ കുവൈറ്റുയുദ്ധം ഒരു ഗൾഫ് പ്രതിസന്ധി സൃഷ്ട്ടിച്ചസമയം എനിക്ക് നാട്ടിൽ വന്നു കുറേ നാൾ നിൽക്കേണ്ടിവന്നു . അപ്പോഴാണ് ഞാനും നാലഞ്ചാളുകളും അടങ്ങുന്നൊരു ടീം ചാവക്കാട് താലൂക്കിലെ തൈക്കാട് പഞ്ചായത്തിൽ സർവ്വേക്കിറങ്ങുന്നത് .ഇവിടുത്തെ കുടുംബങ്ങളിൽ 85 ശതമാനവും പ്രവാസികളാണ് . തൈക്കാടുനിന്നുപോയ ആളുകൾ 30 വർഷത്തിനിടെ ഇവിടെ വച്ചത് 1400 വീടുകളാണ് . ഇതിനായി വാങ്ങിയ സ്ഥലം 10 സെന്റ്‌ വച്ചുകൂട്ടിയാൽ തന്നെ സ്റ്റാമ്പ് ഡ്യൂട്ടിയിനത്തിൽ എത്ര ലക്ഷം രൂപ സർക്കാരിന് കൊടുത്തിട്ടുണ്ടാകുക ? വീടുകൾ വച്ചവകയിൽ എത്ര ലക്ഷം തൊഴിലവസരങ്ങൾ ആകും സൃഷ്ടിച്ചിട്ടുണ്ടാകുക ?വീടുനിർമ്മാണത്തിനു എത്ര കോടിരൂപയുടെ സാധനങ്ങൾ ആകും വാങ്ങിയിട്ടുണ്ടാകുക ? ഇത്രയും പണം മാർക്കറ്റിൽ പമ്പുചെയ്തതിന്റെ ഗുണം എത്രയോ ആയിരങ്ങൾക്ക് കിട്ടിയിട്ടുണ്ടാകും !

ഇതു കേരളത്തിലെ ഒരു ‘ ഗൾഫ് അധിഷ്ഠിത പഞ്ചായത്തി’ന്റെ കാര്യം മാത്രമാണെന്നോർക്കണം . ഗൾഫ് കുടുംബങ്ങൾ കൂടുതലുള്ള തിരുവനന്തപുരം , തൃശ്ശൂർ , മലപ്പുറം കോഴിക്കോട് ,കണ്ണൂർ , കാസർഗോഡ് ജില്ലകളിൽ എത്ര ദശലക്ഷം കോടിയാകും ഇത്രയും വർഷത്തിനിടെ ഗൾഫുനാടുകളിൽ ജോലിയെടുക്കുന്നവർ പലയാവശ്യങ്ങൾക്കായി ചിലവഴിച്ചിട്ടുണ്ടാവുക ? ഈ പണത്തിന്റെ മിനുമിനുപ്പിലാണ് കേരളം കഴിഞ്ഞ 30ല്‍ ഏറെ വർഷമായി തിളങ്ങുന്നത് . എന്നാൽ ഈ പണമയച്ച ലക്ഷോപലക്ഷം സാധാരണക്കാരുടെ വീട്ടില്‍ ഇപ്പോൾ ഇരുട്ടാണ് . ദാരിദ്ര്യത്തിന്റെയും അനിശ്ചിതത്വത്തിന്റെയും കൂരിരുട്ട് .
ഇവരുടെ പുനരധിവാസം വെറും വാഗ്ദാനങ്ങളിൽ അല്ലാതെ അതിന്റെ നടത്തിപ്പിനായി അധികൃതർ ഒരു ചെറുവിരൽ പോലും അനക്കിയിട്ടില്ല.
നോർക്ക ഉൾപ്പെടെയുള്ള പ്രവാസികാര്യ വകുപ്പുകളെല്ലാം ഇക്കാര്യത്തിൽ നോക്കു കുത്തികളാണ്.

പ്രവാസികളുടെ ക്ഷേമത്തിനായി 50 കാര്യങ്ങള്‍ അടങ്ങുന്ന നിവേദനം ഞാൻ 2009 ൽ സർക്കാരിന് സമർപ്പിച്ചിരുന്നു . അതിന്റെ മറുപടി കിട്ടാതെ വന്നപ്പോൾ കാരണം അന്വേഷിച്ചു കൊണ്ട് ഹൈക്കോടതിയിൽ സർക്കാരിനെതിരെ കേസ് ഫയൽ ചെയ്തു . നിവേദനതിന്റെ കോപ്പി പരിശോധിച്ചുകൊണ്ട് ആറു മാസത്തിനകം മറുപടി നൽകണമെന്ന് കോടതി സർക്കാരിന് നോട്ടീസ് അയച്ചു . പക്ഷേ വർഷം ഒന്നു കഴിഞ്ഞിട്ടും സർക്കാരിന് മിണ്ടാട്ടമുണ്ടായില്ല . ഇപ്പോൾ ഞാൻ കോടതിയലക്ഷ്യത്തിന് വീണ്ടും സർക്കാരിനെതിരെ കേസ് കൊടുത്തിരിക്കുകയാണ് ”

ദുബായിലെ ഡ്രൈവർ പണിയിൽനിന്നു കിട്ടുന്നത് കുറഞ്ഞ ശമ്പളമാണെങ്കിലും അതിൽനിന്നു നിന്നുള്ള പണംകൊണ്ട് സാധുക്കളായ ഗൾഫ് മലയാളികൾക്ക് നീതിലഭിക്കാനായി കേസ് നടത്തിയും നാട്ടിലേക്ക് യാത്രകള്‍ ചെയ്‌തും അറുപത്തിയഞ്ചാം വയസ്സിലും തളരാതെ , നിശ്ചയ ദാർഢ്യതോടെ നിസ്വാർത്ഥ ജിവിതം നയിക്കുന്ന കമറുദ്ധീനെ നമുക്കു വിളിക്കാം : പാവപ്പെട്ട പ്രവാസികളുടെ നവാബ് രാജേന്ദ്രൻ !

കമറുദീന്റെ ഇന്ത്യയിലെ മൊബൈൽ നമ്പർ 9037014599

 

 

 

-എൻ .എം . നവാസ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!