വിമാനത്തില്‍ കയറുന്നതിനിടെ മഴ നനഞ്ഞ് യാത്രക്കാരന് പനി പിടിച്ച സംഭവത്തിൽ വിമാനത്താവള അധികൃതര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍റെ ഉത്തരവ്. കൊച്ചി വിമാനത്താവളത്തിനെതിരെയാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍റെ വിധി വന്നിരിക്കുന്നത്. 16,000 രൂപ നഷ്ട പരിഹാരം നല്‍കാനാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടത്.
വിധി വന്നിരിക്കുന്നത് എട്ട് വര്‍ഷം മുമ്പുള്ള കേസിലാണ്. എറണാകുളം വെണ്ണല സ്വദേശിയായ ടി.ജി.എന്‍. കുമാറിന്‍റെ പരാതിയിലാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍റെ നടപടി.
2015 ൽ എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യാനായി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പരാതിക്കാരന് ഈ ദുരനുഭവം ഉണ്ടായത്. മഴ നനഞ്ഞ വസ്ത്രവുമായി ഡൽഹി വരെ യാത്ര ചെയ്യേണ്ടി വന്നതിനാൽ പരാതിക്കാരന് പനി ബാധിച്ച് മൂന്ന് ദിവസം ആശുപത്രിയിലും കിടക്കേണ്ടി വന്നു. കൊച്ചി വിമാനത്താവളത്തില്‍ അന്ന് ടെര്‍മിനല്‍ സൗകര്യം ഉണ്ടായിരുന്നില്ല.
അതേസമയം, കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ കൊച്ചിയിലേക്ക് തിരിച്ച് വിട്ടത് മൂലം യാത്രക്കാരന് ബുദ്ധിമുട്ടുണ്ടായെന്നും കമ്മീഷന് കൊടുത്തിരിക്കുന്ന പരാതിയില്‍ പറയുന്നുണ്ട്. എന്നാല്‍, ഉത്തരവ് സംബന്ധിയായ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല എന്നാണ് സിയാല്‍ അധികൃതര്‍ വിശദമാക്കിയിരിക്കുന്നത്. ഉത്തരവ് ലഭിച്ചാൽ അപ്പീല്‍ പോകാനാണ് തീരുമാനമെന്നും അധികൃതര്‍ വിശദമാക്കി. ടെര്‍മിനല്‍ ഇല്ലാതിരുന്ന കാലത്താണ് ഈ സംഭവമുണ്ടായത്. പക്ഷേ, ഇന്ന് ഇത്തരം പ്രശ്നങ്ങൾ ഇല്ലെന്നും കൊച്ചി വിമാനത്താവള അധികൃതര്‍ പറഞ്ഞു.