നിരവധി സുരക്ഷാനിയമലംഘനങ്ങളെ തുടർന്ന് അബുദാബിയിലെ രണ്ട് ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ താൽകാലികമായി അടച്ചുപൂട്ടാൻ ഉത്തരവിട്ടതായി അബുദാബി ഹെൽത്ത് അതോറിറ്റി ഇന്ന് ചൊവ്വാഴ്ച അറിയിച്ചു.
സുരക്ഷാ നടപടിക്രമങ്ങളും അണുബാധ നിയന്ത്രണ മാർഗ്ഗങ്ങളും പാലിക്കുന്നതിൽ ഈ രണ്ട് കേന്ദ്രങ്ങളും പരാജയപ്പെട്ടതായി ആരോഗ്യ വകുപ്പ് – അബുദാബി (DoH) പറഞ്ഞു. കേന്ദ്രങ്ങൾ കാലവധി കഴിഞ്ഞ വസ്തുക്കളും ഉപകരണങ്ങളും ഉപയോഗിച്ചതായും മെഡിക്കൽ മാലിന്യ നിർമാർജനത്തിനും രക്ത യൂണിറ്റുകളുടെ സംഭരണത്തിനുമുള്ള മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കുന്നതിൽ പരാജയപ്പെട്ടതായും കണ്ടെത്തി.
പ്രധാനമായും രോഗികളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനുമാണ് ഈ താത്കാലിക അടച്ചുപൂട്ടൽ തീരുമാനമെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു.
സുരക്ഷാനടപടികൾ പ്രവർത്തികമാക്കിയോ എന്നറിയാൻ ഇൻസ്പെക്ടർമാർ വീണ്ടും ഈ കേന്ദ്രങ്ങൾ സന്ദർശിക്കുമെന്നും വകുപ്പ് കൂട്ടിച്ചേർത്തു. എല്ലാ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളും അതിന്റെ നയങ്ങളും ചട്ടങ്ങളും പാലിക്കാനും അന്താരാഷ്ട്ര മികച്ച സമ്പ്രദായങ്ങൾക്ക് അനുസൃതമായി ആരോഗ്യ സേവനങ്ങൾ നൽകാനും അതോറിറ്റി ആവശ്യപ്പെട്ടു.