ഷാർജ എമിറേറ്റിൽ മൊത്തം 65,799 ഹൈടെക് സിസിടിവി നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചതായി ഷാർജ പോലീസ് അറിയിച്ചു. ഷാർജയ്ക്ക് ചുറ്റും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള സുരക്ഷാ നിയന്ത്രണ സംവിധാന പദ്ധതി ഇപ്പോൾ 85 ശതമാനം പൂർത്തിയായതായി കേണൽ ബിൻ അഫ്സാൻ പറഞ്ഞു.
ഒരു കെട്ടിടത്തിലെ ദുരൂഹമായ മൃതദേഹം. പാർക്കിംഗ് സ്ഥലങ്ങളിലെ കാർ മോഷണം. കടകളിലേയും വ്യാപാര സ്ഥാപനങ്ങളിലേയും തകരാർ,.പണം നഷ്ടപ്പെടുക, അപരിചിതരുടെ ഭീഷണിയിൽ കുട്ടികളെ സംരക്ഷിക്കുക എന്നിങ്ങനെ നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെ ഷാർജ പോലീസ് പരിഹരിച്ച നിരവധി കേസുകളുണ്ട്. കമ്മ്യൂണിറ്റിയെ സുരക്ഷിതമാക്കുന്നതിലും കുറ്റകൃത്യങ്ങൾ തടയുന്നതിലും പരിമിതപ്പെടുത്തുന്നതിലും സുരക്ഷാ ക്യാമറകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
മൊത്തം നിരീക്ഷണ ക്യാമറകളുടെ എണ്ണത്തിൽ അനലിറ്റിക്കൽ നിരീക്ഷണ ക്യാമറകൾ, വാഹന ലൈസൻസ് പ്ലേറ്റുകൾ കണ്ടെത്താൻ കഴിയുന്ന ക്യാമറകൾ, മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്നുവെന്ന് പോലീസ് പറഞ്ഞു. 2017 ഡിസംബറിൽ 500 ക്യാമറകളുമായി തുടങ്ങിയ പദ്ധതി കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ മാത്രം 21,540 ക്യാമറകൾ സുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തി ഏറെ മുന്നേറിയെന്ന് കേണൽ ബിൻ അഫ്സാൻ പറഞ്ഞു.
2020 ജനുവരി മുതൽ 2022 അവസാനം വരെ, ഭിക്ഷാടനം, നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ തുടങ്ങിയ 2,482 നെഗറ്റീവ് സംഭവങ്ങൾ ഉൾപ്പെടെ 13,871 സംഭവങ്ങൾ പോലീസ് ക്യാമറകൾ പിടികൂടി. 10,913 ട്രാഫിക് ലംഘനങ്ങളും (വേഗത, ലെയ്ൻ അച്ചടക്കം മുതലായവ) കണ്ടെത്തി. 476 കുറ്റകൃത്യങ്ങളുടെ സാഹചര്യങ്ങൾ പരിഹരിക്കാനും പോലീസിനെ സഹായിച്ചു.