Search
Close this search box.

ജനപ്രളയം സാക്ഷി ; ഇത് താരങ്ങൾ മണ്ണിലിറങ്ങിയ മാനുഷിക രാവ് !

2018 -Witness the flood; This is a humanitarian night where the stars have landed!

കേരളം വിഴുങ്ങിയ പ്രളയത്തെ അവലംബിച്ചെടുത്ത 2018 എന്ന സിനിമയുടെ വിജയാഘോഷപരിപാടി ജനപ്രളയത്തിൽ മുങ്ങി. 2018 ദി റിയൽകേരള സ്റ്റോറി എന്ന ശീർഷകത്തിൽ ഷാർജ എക്സ്പോ സെന്ററിൽ രണ്ടര മണിക്കൂർ നേരം നീണ്ടുനിന്ന പ്രോഗ്രാം വിനോദപരവും വികാരഭരിതവുമായി മാറി .

സിനിമകളുടെ വിജയാഘോഷ പരിപാടികൾ ഇതിനു മുൻപും ധാരാളമായി ഉണ്ടായിട്ടുണ്ടെങ്കിലും ഇതിനെ അതില്‍ നിന്നൊക്കെ വ്യത്യസ്തമാക്കിയത് 2018 തങ്ങളുടേതുകൂടി സിനിമയാണെന്ന വികാരവായ്പ്പോടെ ആളുകൾ പങ്കാളിത്തവുമായി എത്തിയതാണ്. പ്രത്യേകിച്ചും യൂ എ ഇ മലയാളികളുടേതും കൂടിയായ സിനിമ.

പ്രളയകാലത്ത് അതിന്റെ ദുരിതമനുഭവിച്ചവർക്ക് കോടിക്കണക്കിന് രൂപയാണ് സഹായധനമായും സാധന സാമഗ്രഹികളുമായും യൂ എ ഇ യിൽനിന്നും കേരളത്തിലേക്ക് പോയത്.സംഘടനാപരമായും വ്യക്തി പരമായും ഇത്രയധികം സഹായങ്ങൾ ചെയ്തവർ വിദേശമലയാളികളിൽ വേറെയുണ്ടോ എന്നു സംശയമാണ് .2018 എന്നസിനിമ കാണാന്‍ തിയേറ്ററുകളിൽ അവരെ എത്തിച്ചതും ഈ മനസ്സാണ്.

ഈ സിനിമ തങ്ങളുടെ ..അല്ലെങ്കിൽ തങ്ങളിലൊരാളുടെ കഥ എന്ന വിചാരമായിരുന്നു മുൻപേ ഏവർക്കും.ഇത്തരമൊരു ആത്മബന്ധം ഈ സിനിമയോട് പുലർത്തിയ യു എ ഇ മലയാളികളെ ‘2018’ ന്റെ ആഘോഷ രാവിലേക്ക് കാലേക്കൂട്ടിത്തന്നെ അതിനാൽ അതിന്റെ സംഘാടകർ ക്ഷണിക്കുകയായിരുന്നു ;അതും പ്രവേശനം തീർത്തും സൗജന്യമാക്കിക്കൊണ്ട് പ്രോഗ്രാം ഒരുക്കിയ ഏഷ്യാവിഷൻ , തങ്ങളുടെ ‘ ദുബായ് വാർത്ത ‘ പ്ലാറ്റ്‌ ഫോമിലൂടെയുംഗോൾഡ് എഫ് എം റേഡിയോയിലൂടെയും മറ്റും അത് വിളംബരം ചെയ്തതിനെ ജനങ്ങൾ അത്യാവേശത്തോടെയാണ് സ്വീകരിച്ചതെന്നു വെളിവാക്കുന്ന പ്രതികരണങ്ങളാണ് പിന്നീടുണ്ടായത്.
വൈകുന്നേരം പ്രോഗ്രാം തുടങ്ങുന്നതിന് എത്രയോ മണിക്കൂറുകൾക്കുമുമ്പുതന്നെ ആയിരക്കണക്കിന് കസേരകൾ നിറഞ്ഞുകഴിഞ്ഞു. ഷാർജ എക്സ്പോ സെന്ററും പരിസരവും ജനങ്ങളാൽ തീര്‍ക്കപ്പെട്ട മറ്റൊരു പ്രളയത്താൽ അമർന്നു. 2018 എന്ന ‘ കേരളത്തിന്റെ സ്വന്തം സിനിമ ‘യുടെ ഭാഗമായ അഭിനേതാക്കളും സാങ്കേതിക വിദഗ്ദ്ധരും സംവിധായകനും നിർമ്മാതാവുമെല്ലാം അണിനിരന്ന വേദി പ്രേക്ഷകർക്ക് അനിതരസാധാരണമായ ആനന്ദമാണ് നൽകിയത്.

കേരളത്തെയാകെ മുക്കിയപ്രളയത്തിന്റെ കെടുതിയെയും അതുണ്ടാക്കിയ ദുരിതത്തെയും സാഹസികമായ രക്ഷാപ്രവർത്തനങ്ങളേയും പ്രമേയമാക്കിയ സിനിമയിൽ , അതില്‍ ഉൾപ്പെട്ടവരെ പ്രതിനിധാനം ചെയ്ത അഭിനേതാക്കൾ ഓരൊരുതരായി വേദിയിൽ എത്തിയപ്പോൾ ഹർഷാരവം മുഴക്കിയാണ് പ്രേക്ഷകർ എതിരേറ്റത്.
ഇവിടെ കാണികളും കളിക്കാരും ഒന്നായിമാറുകയായിരുന്നു. ഇരു കൂട്ടരെയും ഭരിച്ചവികാരം ഒന്നായിരുന്നു എന്നതാണ് അതിനു കാരണമായത്. പ്രളയത്തിൽപ്പെട്ട മനുഷ്യർക്കിടയിൽ രക്ഷാപ്രവർത്തനവുമായിറങ്ങിയ നടൻ ടൊവിനൊ തോമസ് , അതേ വേഷവുമായി സിനിമയിലുമെത്തി താദാത്മ്യം ഉണ്ടാക്കുമ്പോൾ അത് മലയാളസിനിമാചരിത്രത്തിൽത്തന്നെ ഒരത്ഭുതമായി. ഓരോ അഭിനേതാവും ഈ താദാത്മിയമാണ് പങ്കിട്ടത് . ഇവയെല്ലാം ചേർന്ന് നാം സാധാരണ കണ്ടുവരാറുള്ള വർണ്ണ ശബളിമയാർന്ന മേളത്തിനപ്പുറം ഉന്നതവും ഉദാത്തവുമായ മാനങ്ങൾ ഈ ആഘോഷരാത്രി കൈവരിച്ചു .

ആദ്യം അവാർഡ് സ്വീകരിക്കാന്‍ വേദിയിലെത്തിയത് കുഞ്ചാക്കോ ബോബൻ. “തിയേറ്ററിൽ റിലീസ് ചെയ്ത് രണ്ടാഴ്ച കഴിയുംമുമ്പ് 100 കോടി ക്ലബ്ബിലേക്ക് ഇരച്ചുകയറിയ 2018 , എന്റെ നൂറാമത് ചിത്രമാണ് ” എന്ന സന്തോഷമാണ് കുച്ചക്കോ ബോബൻ പുരസ്കാരലബ്ധിയില്‍ പങ്കുവച്ചത്.

പിന്നാലെയെത്തിയ ആസിഫലി, ലാൽ , വിനീത് ശ്രീനിവാസൻ , നരേൻ , അപർണ്ണ ബാലമുരളി എന്നിവർക്കും 2018 മായി ബന്ധപ്പെട്ട അനുഭവങ്ങൾ പറയാനുണ്ടായിരുന്നു. സംവിധായകൻ ജൂഡ് ആന്റണി തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കവേ വികാരാധീനനായി ” ചിത്രീകരണവഴിയിൽ പലവട്ടം നിന്നുപോയ സിനിമയാണിത് .വേണുകുന്നപ്പള്ളിയെ പോലൊരു നിർമാതാവിന്റേയും സഹനിർമ്മാതാക്കളായ പദ്മകുമാറിന്റെയും ആന്റോ ജോസഫിന്റെയും പിന്തുണയും ആത്മധൈര്യവുമാണ് ഇതിനെ ഇവ്വിധം നിങ്ങളുടെ മുമ്പിലെത്തിക്കാൻ എന്നെ സഹായിച്ചത് .ഈ സിനിമയെ ഇത്രത്തോളം വിജയിപ്പിച്ചുതന്ന നിങ്ങളോട് എങ്ങനെ നന്ദിപറയണമെന്ന് എനിക്കറിയില്ല . ശരിക്കും എന്റെ കണ്ണുകൾ നിറയുന്നുണ്ട്.” തന്നോടോപ്പം സ്റ്റേജിലേക്ക് കുടുംബത്തെയുംകൂട്ടി ഷീൽഡ് വാങ്ങാനെത്തിയ ജൂഡ് ഗദ്ഗദത്തോടെ പറഞ്ഞു.

നിർമ്മാതാവ് വേണു കുന്നപ്പള്ളിക്കും ഏറെ പറയാനുണ്ടായിരുന്നു. അദ്ദേഹം തന്റെ പ്രസംഗം ഉപസംഹരിച്ചത് ഇങ്ങനെയാണ് :” ഈ സിനിമ 150 കോടി ഇപ്പോൾതന്നെ കടന്നിട്ടുണ്ട് .അത് വിദേശങ്ങളിൽനിന്നുള്ള കളക്ഷനുൾപ്പെടെ 200 കോടിയിലെത്തും . പറയുന്നത് ഞാനാണ് .ആ സത്യം പറയാൻ എനിക്കൊരു മടിയുമില്ല . ഞാൻ കൃത്യമായി ടാക്സ് കൊടുക്കുന്നയാളാണ്. ”

എല്ലാവരും കാത്തിരുന്ന ടൊവിനൊ തോമസ് ഒടുവിലായി സ്റ്റേജിലേക്കുനീങ്ങുമ്പോൾ അകമ്പടിയായി ആളുകളുടെ നിലക്കാത്ത കയ്യടിയുയർന്നു .
” ഒരു അഭിനേതാവ് എന്ന നിലയിലും വ്യക്തിയെന്നനിലയിലും ഞാൻ മുൻപ് ഇതുപോലെ സന്തോഷിച്ച ഒരു സന്ദർഭം ഉണ്ടായിട്ടില്ല . ഈ സിനിമയുടെ ഷൂട്ടിനിടയിൽ ചായതന്ന , ലൈറ്റുകൾ ചുമന്നു നടന്ന , ഇതുപോലെ കഠിനമായി ജോലിചെയ്ത എല്ലാവർക്കും ഞാൻ ഈ നിറഞ്ഞ സദസ്സിനു മുൻപാകെനിന്ന് നന്ദി പറയുകയാണ്.

വെള്ളപ്പൊക്ക സമയത്ത് ആളുകൾക്കിടയിലിറങ്ങിയ എന്നെ പ്രളയം സ്റ്റാർ എന്നു കളിയായും കാര്യമായും ഒക്കെ വിളിച്ചു .ഇപ്പോൾ ശരിക്കും നിങ്ങളെന്നെ ഒരു പ്രളയംസ്റ്റാർ ആക്കിയിരിക്കുന്നു . ഞാൻ ഇതിൽ അഭിമാനിക്കുകയാണ് . ” ടൊവിനൊ അത് പറഞ്ഞു നിർത്തുമ്പോൾ ആയിരക്കണക്കിനാളുകളുടെ ഹർഷാരവം വീണ്ടുമുയർന്നു.

സിനിമാറ്റിക് ഡാൻസ് , ഗാനാലാപനം ,സമൂഹനൃത്തം തുടങ്ങിയ വിനോദപരിപാടികളാൽ സമ്പന്നമായിരുന്നു ആഘോഷരാവിന്റെ ഓരോ നിമിഷവും .
ഗോൾഡ് എഫ് എം റേഡിയോയിലെ ആർ .ജെ ആയ വൈശാഖും മീരാനന്ദനും അവതാരകരായി. ഏഷ്യാവിഷനൊപ്പം ദോവ് സീസൺ ഇവന്റസും സഹ ഓർഗനൈസേർസ് ആയിരുന്നു. ഐ സി എൽ ഫിൻകോർപ്പ്, അറബ് എക്സ് പ്രസ് എന്നിവർ മുഖ്യ സ്പോൺസർമാരായിരുന്നു. കൂടാതെ അബീവിയ (ന്യൂട്രിഡോർ ഡയറി മാനുഫാക്ചറിംഗ് LLC) , തജ്‌വീ ഗോൾഡ് & ഡയമണ്ട്സ്, മർമം ഡയറി ഫാം, ലുലു, ആഷ്ടെൽ, ഫ്രൈഡേ സ്‌പൈസസ്, റിയോ സർവീസസ്, പെർഫ്യൂം ഗാലറി, യാബ് ലീഗൽ സർവീസസ്,കോസ്മോസ് സ്പോർട്സ്, ആയുർസത്യ ആയുർവേദ, പുഗോസ്, റിയൽ വാട്ടർ, കാവ്യ ഫിലിംസ്, സാൻസ് ഡാൻസ് വേൾഡ് എന്നിവരും സഹ സ്പോൺസർമാരായിരുന്നു.

എൻ .എം . നവാസ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts