ദുബായിൽ ട്രാഫിക് പിഴ അടക്കണമെന്ന് ആവശ്യപ്പെട്ട് ദുബായ് പോലീസിൽ നിന്നെന്ന വ്യാജേനസന്ദേശം അയച്ച് തട്ടിപ്പ് നടക്കുന്നുണ്ടെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. താമസക്കാരെ കബളിപ്പിച്ച് ഒരു ലിങ്ക് വഴി പണമടയ്ക്കാനുള്ള ഒരു പുതിയ തട്ടിപ്പാണിത്.
പേയ്മെന്റിനുള്ള ലിങ്ക് സഹിതം ട്രാഫിക് പിഴകൾ ഉടൻ അടക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ദുബായ് നിവാസികൾക്ക് ഇമെയിൽ ലഭിച്ചതായി റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. “ഈ ഇമെയിൽ ലഭിച്ച് 24 മണിക്കൂറിനുള്ളിൽ നിങ്ങൾ ഈ പിഴ തീർപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.” എന്നാണ് സന്ദേശത്തിൽ പറയുന്നത്. സന്ദേശത്തിന് മുകളിൽ ദുബായ് പോലീസിന്റെ ലോഗോ പോലെ കാണാവുന്നതാണ്. കൂടാതെ ഉടനടി പണമടച്ചില്ലെങ്കിൽ കൂടുതൽ സാമ്പത്തിക പിഴകളോ നിയമനടപടികളോ പോലുള്ള അധിക പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാമെന്ന സ്വീകർത്താവിന് മുന്നറിയിപ്പും നൽകുന്നു.
ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്നും ഇതിൽ വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്നും സ്വകാര്യ വിവരങ്ങൾ നൽകാനോ പണമടയ്ക്കാനോ നിൽക്കരുതെന്നും ഇത്തരം കേസുകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ദുബായ് പോലീസ് താമസക്കാരെ ഓർമ്മിപ്പിച്ചു.