അടുത്ത 4 വർഷത്തിനുള്ളിൽ ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കാനുള്ള പുതിയ പദ്ധതി യുഎഇ ഫുഡ് ബാങ്ക് പ്രഖ്യാപിച്ചു.
2023-2027 കാലയളവിൽ ബാങ്കിന്റെ പ്രവർത്തനങ്ങളുടെ ഡിജിറ്റൽ പരിവർത്തനം മെച്ചപ്പെടുത്താനും 2027 ആകുമ്പോഴേക്കും ഭക്ഷണം പാഴാക്കുന്നത് 30 ശതമാനം കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള തന്ത്രപരമായ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഭാര്യ ഷെയ്ഖ ഹിന്ദ് ബിൻത് മക്തൂം ബിൻ ജുമാ അൽ മക്തൂമിന്റെ നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമാണ് പുതിയ പദ്ധതി. റമദാനിൽ മാലിന്യ നിക്ഷേപത്തിൽ നിന്ന് യുഎഇ ഫുഡ് ബാങ്ക് 908,145 കിലോഗ്രാം ഭക്ഷണം ലാഭിച്ചതിന് ഒരു മാസത്തിന് ശേഷമാണ് ഈ പ്രഖ്യാപനം. സ്‌കൂളുകൾ, സർക്കാർ വകുപ്പുകൾ, സ്വകാര്യ കമ്പനികൾ എന്നിവയിൽ അധിക ഭക്ഷണം നന്നായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബോധവത്കരണ പരിപാടികളും അധികൃതർ നടത്തും. മിച്ചഭക്ഷണം കൊണ്ട് ഉണ്ടാക്കിയ അഞ്ച് ദശലക്ഷത്തിലധികം ഭക്ഷണങ്ങൾ പുണ്യമാസത്തിൽ രാജ്യത്തും വിദേശത്തുമുള്ള അവശരായ കുടുംബങ്ങൾക്ക് യുഎഇ സംഭാവന ചെയ്തിട്ടുണ്ട്.