പ്രശസ്ത ബംഗാളി ചലച്ചിത്രകാരനും പദ്മഭൂഷൺ ജേതാവുമായ മൃണാൾ സെൻ അന്തരിച്ചു. 95 വയസായിരുന്നു. കോൽക്കത്തയിലെ ഭവാനിപുരിലെ വസതിയിൽ ഞായറാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെക്കാലമായി അദ്ദേഹം ചികിത്സയിലായിരുന്നു.
സത്യജിത് റേയുടെയും ഋത്വിക് ഘട്ടക്കിന്റെയും സമകാലികനായ മൃണാൾ സെൻ ഇന്ത്യൻ നവതരംഗ സിനിമയുടെ തുടക്കക്കാരിൽ ഒരാളായിരുന്നു. ഏക് ദിൻ പ്രതിദിൻ, അന്തരീൻ, കൽക്കത്ത 71, മൃഗയാ, ഖാണ്ഡഹാർ, ഭുവൻ ഷോം, അകലർ സാന്ദനെ തുടങ്ങിവയാണ് പ്രധാന ചിത്രങ്ങൾ.
നിരവധി ദേശീയ അന്തർദേശീയ അവാർഡുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 1981ൽ പദ്മഭൂഷൺ പുരസ്കാരവും 2005ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡും നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. കമ്യൂണിസ്റ്റ് സഹയാത്രികനായ മൃണാൾ സെൻ 1998 മുതൽ 2003 വരെ രാജ്യസഭാംഗമായിരുന്നു. 1923 മേയ് 14 ന് ബംഗ്ലാദേശിലെ ഫരീദ്പൂരിലാണ് അദ്ദേഹം ജനിച്ചത്.