ദുബായിലെ മംസാർ കോർണിഷ്, ജുമൈറ 1, ജുമൈറ 3, ഉമ്മു സുഖീം 1 എന്നീ 4 പ്രധാന ബീച്ചുകളിൽ 93 മില്യൺ ദിർഹത്തിന്റെ നവീകരണ പദ്ധതി പൂർത്തിയായതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
വിനോദ പ്രവർത്തനങ്ങൾ, ഭാവി വികസനങ്ങൾ, പുതിയ സൗകര്യങ്ങൾ, സേവനങ്ങൾ എന്നിവയ്ക്കായി ബീച്ചുകളിൽ മൊത്തം 112,000 ചതുരശ്ര മീറ്റർ സ്ഥലം ചേർത്തിട്ടുണ്ട്. മണ്ണൊലിപ്പ് സാധ്യതയുള്ള പ്രദേശങ്ങളിലെ ബീച്ചുകൾ സംരക്ഷിക്കുക, സ്ഥിരതയും സുസ്ഥിരതയും ഉറപ്പാക്കാൻ ബീച്ച് സംരക്ഷണ സൗകര്യങ്ങൾ നിർമ്മിക്കുക, കൊടുങ്കാറ്റ് സമയത്ത് വെള്ളത്തിനടിയിലാകാതിരിക്കാൻ ബീച്ച് ലെവൽ ഉയർത്തുക എന്നിവയെല്ലാം പദ്ധതിയിൽപ്പെട്ടിട്ടുണ്ട്.
ദുബായിയെ ജീവിക്കാനും ജോലി ചെയ്യാനുമുള്ള ലോകത്തിലെ ഏറ്റവും മികച്ച സ്ഥലമാക്കി മാറ്റുക എന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ പദ്ധതികൾ നടപ്പിലാക്കുന്നത്.