യാത്രക്കിടെ എയർ ഇന്ത്യ വിമാനത്തിൽ മലമൂത്ര വിസർജനം നടത്തിയ യാത്രക്കാരന് ഡൽഹിയിൽ അറസ്റ്റിൽ. മുംബൈ-ഡൽഹി എയർ ഇന്ത്യയുടെ AIC 866 വിമാനത്തിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. മറ്റ് യാത്രക്കാരെ സുരക്ഷിതമായി മാറ്റിയതായി എയർഇന്ത്യ അധികൃതരും അറിയിച്ചു.
ജൂൺ 24നായിരുന്നു സംഭവം. സീറ്റ് നമ്പർ 17 എഫിലെ യാത്രക്കാരനായ രാം സിംങ് എന്നയാളാണ് വിമാനത്തിന്റെ 9-ാം നിരയിൽ മലമൂത്ര വിസർജനം നടത്തുകയും സീറ്റിൽ തുപ്പുകയും ചെയ്തത്. ഇയാളുടെ മോശം പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടയുടനെ, ക്യാബിൻ ക്രൂ യാത്രക്കാരന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇയാൾക്കെതിരെ മറ്റ് യാത്രക്കാരും രംഗത്തെത്തിയിരുന്നു. ഇയാൾ മദ്യപിച്ച് ലക്കുക്കെട്ടിരുന്നതായാണ് എഫ്ഐആറിൽ പറയുന്നത്.
ക്രൂ അംഗം ഉടനെ തന്നെ ഇക്കാര്യം പൈലറ്റിനെയും മറ്റ് യാത്രക്കാർക്ക് സുരക്ഷയൊരുക്കാന്‍ ആവശ്യപ്പെട്ട് കമ്പനിക്കും നിർദേശം നൽകി. വിമാനമെത്തിയ ഉടനെ ഇയാളെ ലോക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായും പൊലീസ് അറിയിച്ചു.
കഴിഞ്ഞ നവംബറിലും ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്ന ഒരാൾ സഹയാത്രികയായ സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചിച്ചിരുന്നു.