അബുദാബി∙ യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്ന് വീണ്ടും ദുബായിയുടെ വിസ്മയചിത്രങ്ങൾ പങ്ക് വെച്ചു. അദ്ദേഹം പകർത്തിയ ദുബായിലെ തീരപ്രദേശ ചിത്രങ്ങളാണ് ശ്രദ്ധ നേടിയത്. പാം ജുമൈറ, പാം ജബൽ അലി , ദ് വേൾഡ് ഐലൻഡ്‌സ് എന്നിവയുൾപ്പെടെ എമിറേറ്റിലെ ഏറ്റവും ശ്രദ്ധേയമായ ലാൻഡ്‌മാർക്കുകളാണ് പകർത്തിയത്.
ബഹിരാകാശത്ത് നിന്ന് നോക്കിയാൽ നമ്മുടെ വിസ്മയിപ്പിക്കുന്ന ദുബായ് എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തീരദേശ ചിത്രങ്ങൾ ട്വീറ്റ് ചെയ്തത്. ആറ് മാസത്തെ ദൗത്യത്തിനായി മാർച്ച് മൂന്നിന് സ്റ്റേഷനിൽ എത്തിയതിന് ശേഷം യുഎഇയുടെയും അറബ് ലോകത്തെയും പ്രധാന പ്രദേശങ്ങൾ അൽ നെയാദി പകർത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഒരു ജപ്പാനീസ് ബഹിരാകാശയാത്രികനും യുഎഇയുടെ തീരപ്രദേശ ചിത്രങ്ങൾ ട്വിറ്ററിൽ പങ്ക് വെച്ചിരുന്നു. ബുധനാഴ്ചത്തെ എയർലോക്കിലെ അറ്റകുറ്റപ്പണികൾ ഉൾപ്പെടെ ഐഎസ്എസിലെ ചുമതലകൾ നിർവഹിക്കുന്നതിനാണ് അദ്ദേഹം ബലിപെരുന്നാൾ ദിനത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത്. ഓഗസ്റ്റിൽ അൽ നെയാദി ഭൂമിയിലേയ്ക്ക് മടങ്ങിയെത്തും.