ഗാർൺ അൽ സബ്ഖ സ്ട്രീറ്റ് – ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷൻ ഇംപ്രൂവ്മെന്റ് പ്രോജക്ടിന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) കരാർ നൽകി. മണിക്കൂറിൽ 17,600 വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന നാല് പാലങ്ങളുടെ നിർമ്മാണം ഉൾക്കൊള്ളുന്ന പദ്ധതിയാണിത്.
374 മില്യൺ ദിർഹം ചെലവ് വരുന്ന ഈ പദ്ധതി, അൽ ഖുസൈസിലേയും ഷാർജയിലേയും ദിശയിലുള്ള ഗാർൺ അൽ സബ്ഖാ സ്ട്രീറ്റിൽ നിന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കുള്ള യാത്രാ സമയം 40 ശതമാനം കുറയ്ക്കുന്നു.
ഗാർൺ അൽ സബ്ഖ – ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷൻ ഇംപ്രൂവ്മെന്റ് പ്രോജക്റ്റ്, കിഴക്കോട്ടും പടിഞ്ഞാറോട്ടും തന്ത്രപ്രധാനമായ റോഡ് ഇടനാഴികൾ നവീകരിക്കുന്നതിനുള്ള ആർടിഎയുടെ മാസ്റ്റർ പ്ലാനിന്റെ ഭാഗമാണ് ഈ പദ്ധതി. അൽ യലായിസ്, എക്സ്പോ റോഡുകൾ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ആർടിഎ പൂർത്തിയാക്കിയിരുന്നു.
ഗാർൺ അൽ സബ്ഖ സ്ട്രീറ്റ് കോറിഡോർ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു വലിയ സംരംഭത്തിന്റെ ഭാഗമാണ് ഈ പദ്ധതിയെന്ന് ആർടിഎ ഡയറക്ടർ ജനറലും ചെയർമാനുമായ മത്താർ അൽ തായർ പറഞ്ഞു. ഈ പദ്ധതി പൂർത്തിയാകുന്നതോടെ പീക്ക് അവറിലെ യാത്രാ സമയം 20 മിനിറ്റിൽ നിന്ന് 12 മിനിറ്റായി കുറയ്ക്കുമെന്നും അൽ ടയർ കൂട്ടിച്ചേർത്തു.