അബുദാബിയിലെ റോഡിന് മധ്യത്തിൽ വാഹനം നിർത്തിയതിനെ പിന്നാലെ ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിക്കുന്ന വീഡിയോ അബുദാബി പോലീസ് പുറത്ത് വിട്ടു.
ഒരു വെളുത്ത പിക്കപ്പ് ട്രക്ക് റോഡിൽ പതുക്കെ നീങ്ങി പെട്ടെന്ന് റോഡിന്റെ മധ്യഭാഗത്ത് നിർത്തുകയായിരുന്നു. പിന്നാലെ രണ്ട് സെഡാൻ കാറുകൾ പിക്ക്-അപ്പ് ട്രക്കിൽ ഇടിച്ചു. മൂന്നാമത്തെ കാർ വലതുവശത്തുള്ള ഒരു എസ്യുവിയിൽ ഇടിച്ചു. പിക്കപ്പ് ട്രക്കിന്റെ പെട്ടെന്നുള്ള നിർത്തൽ പിന്നാലെ വന്ന 3 ഡ്രൈവർമാരെയാണ് അപകടത്തിലാക്കിയത്.
ഒരു കാരണവശാലും വാഹനം റോഡിന്റെ മധ്യത്തിൽ നിർത്തുകയോ പാർക്ക് ചെയ്യുകയോ ചെയ്യരുതെന്നും ആളുകളുടെ ജീവൻ അപകടത്തിലാക്കുന്ന ഗുരുതരമായ ട്രാഫിക് ലംഘനമാണിതെന്നും അബുദാബി പോലീസ് വീണ്ടും മുന്നറിയിപ്പ് നൽകി.
അടിയന്തര സാഹചര്യ പ്രശ്നങ്ങളിലായാൽ പോലും ഒരിക്കലും റോഡിന്റെ മധ്യത്തിൽ കാർ പാർക്ക് ചെയ്യരുതെന്നും സുരക്ഷ ഉറപ്പാക്കാൻ അടുത്തുള്ള എക്സിറ്റിൽ പോകണമെന്നും അബുദാബി പോലീസ് ഊന്നിപ്പറഞ്ഞു. വാഹനം നീക്കാൻ കഴിയുന്നില്ലെങ്കിൽ ഉടൻ 999 ൽ വിളിച്ച് കൺട്രോൾ സെന്ററുമായി ബന്ധപ്പെടണമെന്നും പോലീസ് അറിയിച്ചു. നടുറോഡിൽ വാഹനം നിർത്തുന്നത് 1,000 ദിർഹം പിഴയും ആറ് ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ലഭിക്കാവുന്ന കുറ്റമാണ്. മറ്റ് വാഹനങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും വാഹനമോടിക്കുമ്പോൾ ശ്രദ്ധ തെറ്റരുതെന്നും മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ഡ്രൈവർമാരോട് പോലീസ് അഭ്യർത്ഥിച്ചു.
https://www.facebook.com/watch/?v=935092467568313
വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിച്ചില്ലെങ്കിൽ 400 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുകയോ ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ മേക്കപ്പ് ഇടുകയോ ചെയ്താൽ 800 ദിർഹം വരെ പിഴയും ചുമത്താം.