ചരിത്ര മുഹൂർത്തത്തിനൊരുങ്ങി ഇന്ത്യ. ഐഎസ്ആർഒ വികസിപ്പിച്ചെടുത്ത ചന്ദ്രയാൻ-3 എന്ന ബഹിരാകാശ പേടകം ഇന്ന് ജൂലൈ 14 ന് ഉച്ചയ്ക്ക് യുഎഇ സമയം 1.05 ന് ( ഇന്ത്യൻ സമയം 2.35 ) ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് വിക്ഷേപണം നടത്തും. ഇന്ത്യയുടെ മൂന്നാം ചാന്ദ്ര പര്യവേഷണ ദൗത്യമാണ് ചന്ദ്രയാൻ-3. ഇത് വിജയിക്കുന്നതോടെ ചന്ദ്രോപരിതലത്തിൽ ബഹിരാകാശ പേടകം ഇറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും
ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി ചന്ദ്രയാൻ-3 ലാൻഡിംഗ് ചെയ്യുകയാണെങ്കിൽ ഇത് ബഹിരാകാശ ചരിത്രത്തിലെ തന്നെ സുപ്രധാന ഏടുകളിൽ ഒന്നായി മാറും. 2019-ൽ ചന്ദ്രയാൻ-2 ദൗത്യത്തിൽ ലാൻഡിംഗിലായിരുന്നു പ്രശ്‌നങ്ങൾ നേരിട്ടത്. സോഫ്റ്റ് ലാൻഡിംഗിൽ ഉണ്ടായ പ്രശ്‌നങ്ങൾക്ക് ശേഷം ഐഎസ്ആർഒ നടത്തുന്ന പുതിയ ശ്രമമാണ് ചന്ദ്രയാൻ-3. ഈ ദൗത്യം വിജയിക്കുന്നതോടെ രാജ്യത്തിന്റെ സാങ്കേതിക വൈദഗ്ധ്യത്തിലൂടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യത്തെ ബഹിരാകാശ പേടകമെന്ന ചരിത്രം ചന്ദ്രയാൻ-3 സ്വന്തമാക്കും.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലാന്‍ഡര്‍ മൊഡ്യൂള്‍, പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍, റോവര്‍ എന്നിവയാണ് ചന്ദ്രയാന്‍-3യുടെ പ്രധാന ഭാഗങ്ങള്‍. ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രനിലേക്ക് ഇറങ്ങുമ്പോള്‍ റോവറാണ് ചന്ദ്രന്റെ ഉപരിതലത്തിലൂടെ സഞ്ചരിക്കുക. ഇവ രണ്ടിനേയും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിക്കുകയെന്നതാണ് പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ മൊഡ്യൂളിന്റെ ചുമതല. ഈ മൂന്ന് ഘടകങ്ങള്‍ക്കും കൂടി 3900 കിലോഗ്രാം ഭാരമുണ്ടാവും. വിക്ഷേപണം കഴിഞ്ഞ് 40 ദിവസത്തിന് ശേഷമാണ് ചന്ദ്രയാൻ-3 ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുക. ഓഗസ്റ്റ് 23 ന് ആണ് ഇപ്പോള്‍ സോഫ്റ്റ് ലാന്‍ഡിങിനായി തീരുമാനിച്ചിരിക്കുന്നത്. എല്ലാം മുന്‍നിശ്ചയിച്ചതുപോലെ നടന്നാല്‍ 23 നു പുലര്‍ച്ചെ സോഫ്റ്റ് ലാന്‍ഡിങ് ഉണ്ടാകൂ. അല്ലാത്ത പക്ഷം ഇതിനടുത്തുള്ള അടുത്ത ദിവസങ്ങളിലായിരിക്കും സോഫ്റ്റ് ലാന്‍ഡിങ്.