അന്താരാഷ്ട്ര നിലവാരം മൂന്ന് പോയിന്റ് ഉയർന്നതോടെ, യുഎഇ പാസ്പോർട്ട് മേഖലയിലെ ഏറ്റവും ശക്തമായി തുടരുന്നു. നിലവിൽ ലോകത്തിലെ ഏറ്റവും ശക്തിയേറിയ 12-ാമത്തെ പാസ്പോർട്ടാണ് യുഎയുടേത്. ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനുമായി (Iata) സഹകരിച്ചാണ് ഹെൻലി ആൻഡ് പാർട്ണേഴ്സ് ഏറ്റവും പുതിയ റാങ്കിംഗ് പുറത്തിറക്കിയത്.
ഏറ്റവും പുതിയ ഹെൻലി പാസ്പോർട്ട് സൂചിക അനുസരിച്ച്, യുഎഇ പാസ്പോർട്ട് ഉടമകൾക്ക് ഫ്ലൈറ്റുകൾക്ക് മുമ്പ് വിസ ലഭിക്കാതെ 179 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം. കഴിഞ്ഞ വർഷം അവസാനം 178 രാജ്യങ്ങളും 2022 ജൂലൈയിൽ 176 രാജ്യങ്ങളിലേയ്ക്കും യുഎഇയിൽ നിന്ന് യാത്ര ചെയ്യാമായിരുന്നു.
കഴിഞ്ഞ 10 വർഷത്തിനിടയിൽ, യു.എ.ഇ 56–ാം സ്ഥാനത്ത് നിന്ന് 12-ാം സ്ഥാനത്തേക്ക്, അതിശയിപ്പിക്കുന്ന ഉയർച്ചയാണ് സ്വന്തമാക്കിയത്. ഇതിലൂടെ വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയിൽ 107 രാജ്യങ്ങൾ കൂട്ടിച്ചേർത്തു.
28 സ്ഥാനങ്ങൾ ഉയർന്ന് റേറ്റിംഗിൽ 37-ാം സ്ഥാനത്തെത്തിയ കൊളംബിയയുടെ ഏകദേശം ഇരട്ടി വളർച്ചയാണ് യു.എ.ഇ സ്വന്തമാക്കിയതെന്ന് ഹെൻലി ആൻഡ് പാർട്ണേഴ്സിന്റെ ചെയർമാനും പാസ്പോർട്ട് ഇൻഡക്സിന്റെ സ്രഷ്ടാവുമായ ഡോ. ക്രിസ്റ്റ്യൻ എച്ച്. കെയ്ലിൻ വ്യക്തമാക്കി.