അബുദാബി സിറ്റി മുനിസിപ്പാലിറ്റി അധികൃതർ ബ്യൂട്ടി പാർലറുകളിലും ഫിറ്റ്നസ് കേന്ദ്രങ്ങളിലും കർശനമായ പരിശോധന നടത്തുന്നു. ആരോഗ്യ – സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താനാണ് പരിശോധന.
സലൂണുകളും ബ്യൂട്ടി, ഫിറ്റ്നസ് സെന്ററുകളും പ്രവർത്തിപ്പിക്കുന്നതിനുള്ള എല്ലാ ആരോഗ്യ മുൻകരുതലുകളും നിറവേറ്റേണ്ടതിന്റെ ആവശ്യകത മുനിസിപ്പാലിറ്റി എടുത്തു പറയുന്നു. മുഹമ്മദ് ബിൻ സായിദ് സിറ്റി, അൽ റാഹ ബീച്ച്, ഷാഖ്ബൗട്ട് സിറ്റി, റബ്ദാൻ സിറ്റി തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടുത്തി മദീനത്ത് സായിദ് മുനിസിപ്പാലിറ്റി സെന്ററിലെ ഇൻസ്പെക്ടർമാരാണ് പരിശോധന നടത്തിയത്.
ഉപയോഗിച്ച സൗന്ദര്യവർദ്ധക വസ്തുക്കളും തയ്യാറാക്കൽ രീതികളും ഇൻസ്പെക്ടർമാർ സൂക്ഷ്മമായി പരിശോധിച്ചു. ഉൽപ്പന്നങ്ങളുടെ സാധുത സ്ഥിരീകരിച്ചു. ഉപകരണങ്ങളും വസ്തുക്കളും പരിശോധിച്ചു. സേവനങ്ങൾ നൽകുമ്പോൾ യൂണിഫോം ധരിക്കാൻ ജീവനക്കാരെ പ്രോത്സാഹിപ്പിച്ചു. സലൂണുകൾ, സൗന്ദര്യ-ഫിറ്റ്നസ് സെന്ററുകൾ എന്നിവയുടെ ശുചിത്വത്തിന് ഊന്നൽ നൽകിയാണ് പരിശോധന നടപ്പാക്കുന്നത്.