കപ്പൽ വ്യവസായത്തിലെ നൂതനത്വത്തിനും സുസ്ഥിരതയ്ക്കുമുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തിക്കൊണ്ട്, കന്നിയാത്രയുടെ ഭാഗമായി ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളിൽ ഒന്നായ ബെർലിൻ എക്സ്പ്രസിനെ ദുബായ് ജബൽ അലി പോർട്ട് സ്വാഗതം ചെയ്തു.
180-ലധികം ഷിപ്പിംഗ് ലൈനുകളിലേക്ക് സമാനതകളില്ലാത്ത കണക്റ്റിവിറ്റിയും ലോകമെമ്പാടുമുള്ള 3.5 ബില്യണിലധികം ഉപഭോക്താക്കൾക്ക് വിപണി പ്രവേശനവും നൽകിക്കൊണ്ട്, ആഗോള വ്യാപാര കേന്ദ്രമെന്ന നിലയിലുള്ള സ്ഥാനം ജബൽ അലി പോർട്ട് ഉറപ്പാക്കുമ്പോൾ ഈ കപ്പലിന്റെ വരവ് ജബൽ അലി പോർട്ടിന് ഒരു സുപ്രധാനനാഴികകല്ലാണെന്നും അധികൃതർ പറയുന്നു.
23,600 കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുള്ള അത്യാധുനിക കപ്പലാണ് ബെർലിൻ എക്സ്പ്രസ്. ഷിപ്പിംഗ് ലൈൻ ഓർഡർ ചെയ്ത 12 ഇരട്ട-ഇന്ധന കപ്പലുകളിൽ ആദ്യത്തേതുകൂടിയാണ് ഇത്. പരമ്പരാഗത കപ്പൽ ഇന്ധനത്തിന് പുറമെ ദ്രവീകൃത പ്രകൃതി വാതകത്തിലും (LNG) ഈ കൂറ്റൻ ചരക്കുകപ്പൽ പ്രവർത്തിക്കും, ഇത് പരമ്പരാഗത മറൈൻ ഡീസലിനേക്കാൾ വളരെ കുറഞ്ഞ ഉദ്വമനമാണ് ഉണ്ടാക്കുന്നത്.
ചൈന, ഹോങ്കോംഗ്, തായ്വാൻ, സിംഗപ്പൂർ, സ്പെയിൻ, ബെൽജിയം, നെതർലാൻഡ്സ്, യുണൈറ്റഡ് കിംഗ്ഡം, ജർമ്മനി എന്നിവിടങ്ങളിലേക്കും ഇനി ഈ കപ്പൽ സഞ്ചരിക്കും.