ഒമാനിലെ സോഹാർ തുറമുഖത്തുള്ള സ്റ്റീൽ സമുച്ചയത്തിൽ നിന്ന് 4 മില്യൺ ടൺ അസംസ്കൃത വസ്തുക്കളും ഫിനിഷ്ഡ് ഉൽപ്പന്നങ്ങളും പ്രതിവർഷം യുഎഇയിലെത്തിക്കാനായി യുഎഇ-ഒമാൻ റെയിൽ നെറ്റ്വർക്കിന്റെ ഡെവലപ്പറും ഓപ്പറേറ്ററുമായ ഒമാൻ – എത്തിഹാദ് റെയിൽ കമ്പനിയും ജിസിസിയിലെ സംയോജിത സ്റ്റീൽ ഉൽപ്പാദകരായ ജിൻഡാൽ ഷദീദ് അയൺ ആൻഡ് സ്റ്റീലുമായി (Jindal) ധാരണാപത്രത്തിൽ ഒപ്പുവച്ചു.
കരാറിന്റെ നിബന്ധനകൾ പ്രകാരം ജിൻഡാൽ യുഎഇയിലേക്ക് റെയിൽ മാർഗം ഇരുമ്പയിര്, ഉരുക്ക് എന്നിവയുടെ റോളിംഗ് സ്റ്റോക്കും ഉറപ്പാക്കും. അതുപോലെ ലോഡിംഗ്, അൺലോഡിംഗ് പ്രക്രിയകൾ സുഗമമാക്കിക്കൊണ്ട് ഒമാനും എത്തിഹാദ് റെയിലും ജിൻഡാലിനെ പിന്തുണയ്ക്കും.
കുറഞ്ഞ ചെലവിൽ 4 മില്യൺ ടൺ അസംസ്കൃത വസ്തുക്കൾ റെയിൽമാർഗം കൂടുതൽ ചരക്കുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എത്തിക്കുന്നതിലൂടെ കാർബൺ മലിനീകരണ പ്രശ്നങ്ങളും കുറയുമെന്നും ജിൻഡാൽ പറഞ്ഞു. പ്രകൃതി സൗഹൃദ ഗതാഗത സംവിധാനവും ചരക്കു നീക്കവുമാണ് ഇതിലൂടെ ഒമാനും യുഎഇയും ഉറപ്പു വരുത്തുന്നത്.