വാരാന്ത്യത്തിൽ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ പെയ്ത മഴ വരും ദിവസങ്ങളിലും തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ യുഎഇ നിവാസികൾ കൂടുതൽ മുൻകരുതൽ എടുക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച മുതൽ രാജ്യത്ത് പ്രതികൂല കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. ശനിയാഴ്ച ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലെ പല ഭാഗങ്ങളിലും മഴയും ഇടിമിന്നലും പൊടിക്കാറ്റും ഉണ്ടായിരുന്നു. അൽ ബർഷ, അൽ മർമൂം, അൽ ബരാരി, എമിറേറ്റ്സ് റോഡ്, അൽ ഖുദ്ര റോഡ്, ജബൽ അലി-ലെഹ്ബാബ്, അൽ ഐൻ-ദുബായ് റോഡുകൾ എന്നിവിടങ്ങളിൽ കനത്ത മഴ അനുഭവപ്പെട്ടതായി NCM അറിയിച്ചു.
കരാമ, ഔദ് മേത്ത, ദെയ്റ, ജബൽ അലി എന്നിവിടങ്ങളിൽ പൊടികാറ്റും അനുഭവപ്പെട്ടു. ഷാർജയിലും അജ്മാനിലും കനത്ത മഴയും അൽ ഐനിന്റെ വിവിധ ഭാഗങ്ങളിൽ മിതമായ മഴയും അനുഭവപ്പെട്ടു.
അതേസമയം ആഗസ്റ്റ് 8 ചൊവ്വാഴ്ച വരെ രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നതായി NCM വ്യക്തമാക്കി.