കഴിഞ്ഞ വാരാന്ത്യത്തിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കൊടുങ്കാറ്റ് വീശിയടിച്ച സാഹചര്യത്തിൽ യുഎഇ നിവാസികൾക്ക് വരും ദിവസങ്ങളിൽ കൂടുതൽ ഈർപ്പമുള്ള കാലാവസ്ഥ അനുഭവപ്പെടും. അതോടൊപ്പം വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായും ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു.
ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ യുഎയിലെ വിവിധ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. രാജ്യത്തിന്റെ തെക്ക് കിഴക്ക് പ്രദേശങ്ങളിലും അൽ ദഫ്ര മേഖലയിലും ഇടിമിന്നലോടും കൂടി ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് പ്രസ്തവാനയിൽ വ്യക്തമാക്കി.
ഇപ്പോഴുള്ള ഈ കാലാവസ്ഥ വ്യതിയാനത്തിന് കാരണം ഇന്റർട്രോപ്പിക്കൽ കൺവെർജൻസ് സോൺ (ഐടിസിസെഡ്) ഉണ്ടായതാണ് എന്ന് എൻസിഎം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
അതേസമയം രാജ്യത്ത് താപനില 47 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുമെന്നും പ്രസ്താവനയിൽ പറയുന്നു. അബുദാബിയിലും ദുബായിലും ബുധനാഴ്ച താപനില 43 ഡിഗ്രി സെൽഷ്യസിൽ എത്തും. യുഎഇ പ്രാദേശിക സമയം 14:30 ന് ഹമീമിൽ (അൽ ദഫ്ര മേഖല) 48.6 ഡിഗ്രി സെൽഷ്യസാണ് ചൊവ്വാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില.