അബുദാബിയിൽ ഒരു അപ്പാർട്ട്മെന്റിന്റെ വാതിലിന് പുറത്ത് കുടിവെള്ളം ക്യാനുകളിൽ എത്തിക്കുന്ന കമ്പനിയിലെ ജീവനക്കാർക്കായി വെച്ചിരുന്ന പണം ഒരു ടെലികോം കമ്പനിയുടെ പരസ്യ സ്റ്റിക്കറുകൾ പതിക്കാൻ വന്ന സെയിൽസ്മാൻ മോഷ്ടിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 5 ശനിയാഴ്ചയാണ് സംഭവം നടന്നത്.
പരസ്യ സ്റ്റിക്കറുകൾ സ്ഥാപിക്കുന്നതിനായി വന്നയാൾ ഒഴിഞ്ഞ വാട്ടർ ക്യാനിനുള്ളിൽ പണം നിറച്ച ഒരു കവർ കണ്ടതോടെ മോഷ്ടിക്കുകയായിരുന്നു.പിറ്റേന്ന് രാവിലെ വാട്ടർ ഡെലിവറി സ്ഥാപനത്തിലെ ജീവനക്കാർ മുഴുവൻ തുകയും ആവശ്യപ്പെട്ട് ബെല്ലടിച്ചപ്പോഴാണ് താമസക്കാരൻ പണം മോഷ്ടിക്കപ്പെട്ടതായി അറിയുന്നത്. പിന്നീട് സിടിവി ദൃശ്യങ്ങളിൽ ഇയാൾ പണം മോഷ്ടിക്കുന്നതായി താമസക്കാരൻ കണ്ടെത്തുകയായിരുന്നു.
ഇയാൾ കവറിലെ 5 ദിർഹത്തിന്റെ നോട്ടുകൾ മാത്രമാണ് എടുത്തിട്ടുള്ളത്. കോയിനുകൾ തിരികെ വെച്ചിരുന്നു. ഇയാൾ പതിച്ച സ്റ്റിക്കറിലെ കമ്പനി നമ്പറിൽ വിളിച്ചപ്പോൾ തങ്ങളുടെ ജീവനക്കാരാരും ഇത്തരത്തിലുള്ള പ്രവൃത്തികൾ ചെയ്യില്ലെന്നാണ് കമ്പനി മാനേജ്മെന്റ് അറിയിച്ചത്.
അപ്പാർട്ടുമെന്റിൽ കുടിവെള്ളം ക്യാനുകളിൽ എത്തിക്കുന്ന കമ്പനിയിലെ ജീവനക്കാർക്ക് എടുക്കാനായി താൻ എപ്പോഴും പണമടങ്ങിയ കവർ സൂക്ഷിക്കാറുണ്ടെന്നും എന്നാൽ ഇതുവരെ ഒരു മോഷണവും ഉണ്ടായിട്ടില്ലെന്നും, ഈ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും അപ്പാർട്ട്മെന്റിലെ താമസക്കാരൻ പറഞ്ഞു.
അതേസമയം ജനപ്രിയ പാർപ്പിട മേഖലകളിൽ ഇത്തരം മോഷണങ്ങൾ നടന്നതായി തങ്ങൾക്ക് ഒട്ടേറെ അനുഭവങ്ങളുണ്ടായിട്ടുണ്ടന്ന് വാട്ടർ ഡെലിവറി സ്ഥാപനത്തിലെ ജീവനക്കാർ പറഞ്ഞു.