ദുബായിൽ ശുചിത്വം നിലനിർത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി റോഡുകൾ വൃത്തിയാക്കുന്നതിനായി നൂതന ആഗോള സാങ്കേതിക സവിശേഷതകൾ ഉൾക്കൊള്ളുന്ന 5 പുതിയ ഓട്ടോമേറ്റഡ് വാഹനങ്ങൾ കൂടി പുറത്തിറക്കിയതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
അതിനൂതന സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളുന്ന വാഹനങ്ങൾക്ക് പ്രതിദിനം 2,250 കിലോമീറ്റർ റോഡുകൾ വൃത്തിയാക്കാൻ സാധിക്കും. ഇതോടൊപ്പം എമിറേറ്റിലെ വ്യത്യസ്ത റൂട്ടുകളും ഏരിയകളും വൃത്തിയാക്കുന്നതിനായി നിലവിലെ ശുചീകരണ സൗകര്യങ്ങൾ വിപുലീകരിക്കാനും പദ്ധതിയുണ്ടെന്ന് ദുബായ് മുനിസിപ്പാലിറ്റി പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി സമാന രീതിയിലുള്ള നാല് ശുചീകരണ വാഹനങ്ങൾകൂടി അനുവദിക്കും. ശക്തമായ കാറ്റിലും കൊടുങ്കാറ്റിലും റോഡുകളിൽ മണൽ അടിഞ്ഞുകൂടിയാൽ ദ്രുതഗതിയിൽ പ്രതികരിക്കാനുള്ള ശേഷി ഇതുവഴി ശക്തിപ്പെടും. കൂടാതെ പ്രതിദിനം 20 ഇടങ്ങളിൽ അടിയന്തരമായി ശുചീകരണം സാധ്യമാക്കാനും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ജോലികളുടെ ഉൽപാദന ക്ഷമതയും ഫീൽഡ് നിയന്ത്രണ കാര്യക്ഷമത വർദ്ധിപ്പിക്കും.