ചായപ്പൊടി പൊതികളിൽ ഒളിപ്പിച്ച് 1.5 കോടി രൂപ വിലവരുന്ന വജ്രങ്ങൾ ഇന്ത്യക്ക് പുറത്തേക്ക് കടത്താൻ ശ്രമിച്ചയാളെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റിന്റെ എയർ ഇന്റലിജൻസ് യൂണിറ്റ് അറസ്റ്റ് ചെയ്തു.
ദക്ഷിണ മുംബൈയിലെ നൾ ബസാർ സ്വദേശിയായ 30 കാരനായ മുക്കിം റാസ അഷ്‌റഫ് മൻസൂരി കഴിഞ്ഞ ബുധനാഴ്ച ദുബായിലേക്ക് പോകാനൊരുങ്ങുമ്പോൾ നടന്ന ബാഗേജ് ചെക്കിങ്ങിലാണ് പിടിക്കപ്പെട്ടത്.
ഇൻഡിഗോ വിമാനത്തിൽ ദുബായിലേക്ക് പോകാനിരിക്കുമ്പോൾ ഇയാളുടെ ഹാൻഡ് ബാഗേജ് പരിശോധിച്ചപ്പോൾ ഒരു പ്രമുഖ ചായ ബ്രാൻഡിന്റെ സംശയാസ്പദമായ പാക്കറ്റ് കണ്ടെത്തുകയായിരുന്നു. പാക്കറ്റ് തുറന്നപ്പോൾ ബ്രാൻഡഡ് ചായപ്പൊടിയുടെ എട്ട് ചെറിയ പൗച്ചുകളിലായി സൂക്ഷിച്ചിരുന്ന 1,559.68 കാരറ്റ് ഭാരമുള്ള 1.5 കോടി രൂപ വിലമതിക്കുന്ന 34 വജ്രങ്ങൾ കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റ് കണ്ടെത്തുകയായിരുന്നു.
ചോദ്യം ചെയ്യലിൽ, വജ്രങ്ങൾ രാജ്യത്തിന് പുറത്തേക്ക് കടത്തുന്നതിന് 5,000 രൂപ മൻസൂരിക്ക് വാഗ്ദാനം ചെയ്തതായി തെളിഞ്ഞു. കസ്റ്റംസ് നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.