77-ാം സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ രാവിലെ 7.35 ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. രാജ്ഘട്ടിൽ എത്തി പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു അദ്ദേഹം സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് എത്തിയത്. ഇന്ത്യയിലെ നൂറ്റിനാൽപ്പത് കോടി ജനങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിനാശംസകൾ നേർന്നു.
ചെങ്കോട്ടയിൽ പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്, സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.
മണിപ്പുരിലെ ജനങ്ങള്‍ക്കൊപ്പമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി സമാധാനത്തിലൂടെ മാത്രമേ പ്രശ്‌നങ്ങള്‍ പരഹരിക്കാനാകൂവെന്ന് വ്യക്തമാക്കി. മണിപ്പൂരിൽ സമാധാനം വേണം. സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മണിപ്പൂർ സമാധാന പാതയിലേക്ക് തിരികെ വരുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ ചേർന്ന് സമാധാനം പുനസ്ഥാപിക്കാൻ സഹകരിച്ച് പ്രവർത്തിക്കുന്നുവെന്നും മോദി വിശദമാക്കി. മണിപ്പൂരിലുണ്ടായത് ഹിംസാത്മ പ്രവർത്തനങ്ങളാണ്. പെൺമക്കളുടെയും അമ്മമാരുടെയും അഭിമാനത്തിന് മുറിവേറ്റു. നിരവധി പേർക്ക് മണിപ്പൂരിൽ ജീവൻ നഷ്ടമായി എന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രകൃതി ദുരന്തങ്ങളിൽ ഇരയായ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2014 ൽ അധികാരത്തിലെത്തുമ്പോൾ ആഗോള സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ സ്ഥാനം പത്താമതായിരുന്നു. എന്നാൽ, 140 കോടി ജനങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമായി ഇന്ന് അഞ്ചാം സ്ഥാനത്തെത്തി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യം മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 13.5 കോടിയാളുകൾ ദാരിദ്രത്തിൽ നിന്ന് മുക്തരാകും. സർക്കാരിന്റെ ഓരോ നിമിഷവും ഓരോ രൂപയും ജനങ്ങളുടെ സേവനത്തിനു വേണ്ടിയാണ് പോകുന്നത്. അദ്ദേഹം പറഞ്ഞു.