മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍. പ്രതിപക്ഷ പ്രതിഷേധം ശക്തമായിരിക്കെ ബില്‍ സഭയില്‍ പാസാക്കുക എന്നത് സര്‍ക്കാരിന് വെല്ലുവിളിയാകും. വ്യാഴാഴ്ചയാണ് ബില്‍ ലോക്‌സഭ പാസാക്കിയത്. അതിനിടെ എല്ലാ എംപിമാരും സഭയില്‍ എത്തണമെന്ന് കോണ്‍ഗ്രസും ബിജെപിയും വിപ്പ് നല്‍കിയിട്ടുണ്ട്. നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് തന്നെയാണ് രാജ്യസഭയിലും ബില്ല് അവതരിപ്പിക്കുക.
ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷമുള്ള ലോക്‌സഭയില്‍ നിരവധി പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പുകള്‍ തള്ളിയാണ് മുത്തലാഖ് ബില്‍ രണ്ടാമതും സര്‍ക്കാര്‍ പാസാക്കിയത്. എന്നാല്‍ ബില്‍ രാജ്യസഭയില്‍ പാസാക്കുക എളുപ്പമാകില്ല. എഴുപത്തിമൂന്ന് അംഗങ്ങളുള്ള ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി ആണെങ്കിലും സഭയില്‍ ഭൂരിപക്ഷം ഇല്ല. സഖ്യകക്ഷികളായ ശിവസേനയുടെയും അകാലിദളിന്റെയും മൂന്നുവീതം അംഗങ്ങളുടെ പിന്തുണ ഉറപ്പാണെങ്കിലും ബില്ല് പാസാകണമെങ്കില്‍ നാല്‍പത് അംഗങ്ങളുടെ കൂടി പിന്തുണ ഉറപ്പിക്കണം. മുത്തലാഖ് ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്നാണ് മുമ്പ് രാജ്യസഭ നിലപാടെടുത്തത്. ഇത്തവണയും അതില്‍ മാറ്റമുണ്ടാവാനിടയില്ല.