നാളെ യുഎഇയിൽ ഫുട്ബോൾ ലീഗ് ആരംഭിക്കുമ്പോൾ നിയമങ്ങൾ ലംഘിക്കുന്ന ആരാധകർക്ക് പിഴ ചുമത്തുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. അഡ്‌നോക് പ്രോ ലീഗിന് മുന്നോടിയായുള്ള പ്രചാരണത്തിനിടെയാണ് പോലീസ് ഈ മുന്നറിയിപ്പ് നൽകിയത്. അക്രമത്തിൽ ഏർപ്പെടുന്ന ആരാധകർക്ക് 30,000 ദിർഹം വരെ പിഴ ചുമത്തുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
ആരാധകർ നിരോധിതമോ അപകടകരമോ ആയ പദാർത്ഥങ്ങൾ, പ്രത്യേകിച്ച് പടക്കങ്ങൾ കൊണ്ടുവരാനോ കൈവശം വയ്ക്കാനോ പാടില്ല. ആയുധങ്ങൾ കൊണ്ടുപോകാനും പാടില്ല. അവരവർക്ക് ലഭിച്ചിരിക്കുന്ന സ്ഥലങ്ങളിൽ മാത്രമേ ഇരിക്കാവൂ. ഈ പറഞ്ഞിരിക്കുന്ന നിയമങ്ങൾ ലംഘിച്ചാൽ ഒന്ന് മുതൽ മൂന്ന് മാസം വരെ തടവും കൂടാതെ 5,000 ദിർഹം മുതൽ 30,000 ദിർഹം വരെ പിഴയും ലഭിക്കും.
അക്രമം നടത്തുകയോ അതിൽ പങ്കെടുക്കുകയോ പ്രേരിപ്പിക്കുകയോ അല്ലെങ്കിൽ ചെയ്യാൻ ശ്രമിക്കുന്നതിനോ 10,000 ദിർഹം മുതൽ 30,000 ദിർഹം വരെ പിഴയും തടവും ലഭിക്കും. ഏതെങ്കിലും തരത്തിലുള്ള ഏതെങ്കിലും പദാർത്ഥങ്ങളോ ദ്രാവകങ്ങളോ എറിഞ്ഞാലോ അപമാനകരമായ ഭാഷ ഉപയോഗിച്ചാലോ (എഴുതിയതോ പറഞ്ഞതോ) അല്ലെങ്കിൽ അപമാനകരമായ ആംഗ്യങ്ങൾ നടത്തിയാലോ വംശീയ പ്രസ്താവനകൾ നടത്തിയാലോ സ്റ്റേഡിയം രാഷ്ട്രീയ ആവശ്യങ്ങൾക്കായി ചൂഷണം ചെയ്താലോ മുകളിൽ പറഞ്ഞ അതേ പിഴ ലഭിക്കും.
സ്റ്റേഡിയങ്ങളിൽ പ്രവേശിക്കുമ്പോഴും പുറത്തുകടക്കുമ്പോഴും മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.