ചന്ദ്രയാന്‍ 3 പകര്‍ത്തിയ ചന്ദ്രോപരിതലത്തിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് ISRO. ചന്ദ്രയാന്‍ ഇറങ്ങുന്ന ഭാഗത്തിന്റെ ചിത്രങ്ങളാണു പുറത്തുവിട്ടിരിക്കുന്നത്. ലാന്‍ഡര്‍ ഹസാര്‍ഡ് ഡിറ്റെക്ഷന്‍ ആന്‍ഡ് അവോയ്ഡന്‍സ് ക്യാമറയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. വന്‍ ഗര്‍ത്തങ്ങളും പാറക്കഷ്ണങ്ങളും ഇല്ലാത്ത ഭാഗം കണ്ടെത്തി.
പാറകളോ ആഴത്തിലുള്ള വന്‍ ഗര്‍ത്തങ്ങളോ ഇല്ലാതെ സുരക്ഷിതമായ ലാൻഡിംഗ് ഏരിയ കണ്ടെത്താനാണ് ഈ ക്യാമറ സഹായിക്കുന്നത്. അഹമ്മദാബാദിലെ സ്പെയ്സ് ആപ്ലിക്കേഷന്‍ സെന്ററിലാണ് ക്യാമറ വികസിപ്പിച്ചത്.
ഓഗസ്റ്റ് 23 ന് വൈകിട്ട് ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ലാന്‍ഡര്‍ മൊഡ്യൂളിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും ISRO അറിയിച്ചു. ആകാംക്ഷയോടെ കാത്തിരിക്കുന്ന ലാൻഡിംഗ് ഇവന്റ് 2023 ഓഗസ്റ്റ് 23-ന് ഇന്ത്യൻ സമയം വൈകിട്ട് 5:27 മുതൽ തത്സമയം സംപ്രേക്ഷണം ചെയ്യും.
ISRO വെബ്സൈറ്റ്, യൂട്യൂബ് ചാനൽ, ഐഎസ്ആർഒയുടെ ഫേസ്ബുക്ക് പേജ്, ഡിഡി നാഷണൽ ടിവി ചാനൽ എന്നിവയുൾപ്പെടെ ഒന്നിലധികം പ്ലാറ്റ്ഫോമുകളിൽ സോഫ്റ്റ് ലാൻഡിംഗിന്റെ തത്സമയ കവറേജ് ലഭ്യമാകും. ബഹിരാകാശ പര്യവേക്ഷണത്തിൽ ഇന്ത്യയുടെ പുരോഗതിയെ പ്രതീകപ്പെടുത്തുന്ന ഈ നേട്ടം ഇന്ത്യൻ ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതികവിദ്യ, വ്യവസായം എന്നിവയുടെ സുപ്രധാനമായ മുന്നേറ്റത്തെ അടയാളപ്പെടുത്തുമെന്ന് ISRO പറഞ്ഞു.