ചന്ദ്രയാൻ 3 ചരിത്ര വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ ബെംഗളൂരുവിലെത്തി നേരിൽ കണ്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രയാൻ 3 ദൗത്യത്തിന്റെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർക്ക് സല്യൂട്ട് നൽകിയ മോദി, ലാൻഡർ ഇറങ്ങിയ സ്ഥലം ‘ശിവശക്തി’ എന്ന് അറിയപ്പെടുമെന്നും അറിയിച്ചു. ചന്ദ്രയാൻ 2 ഇറങ്ങിയ സ്ഥലം തിരംഗ പോയിന്റ് എന്നറിയപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗ്രീസിൽ നിന്ന് ബെംഗളൂരുവിലെത്തി ശാസ്ത്രജ്ഞരെ നേരിട്ട് കാണുകയായിരുന്നു പ്രധാനമന്ത്രി.
വിദേശത്ത് ആയിരുന്നെങ്കിലും എന്റെ മനസ്സ് ഇവിടെയായിരുന്നെന്നും മോദി ഇസ്ട്രാക്കിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. ലോകത്ത് ശാസ്ത്രത്തിലും ഭാവിയിലും വിശ്വസിക്കുന്ന എല്ലാ മനുഷ്യരും ഇന്ത്യയുടെ നേട്ടത്തിൽ സന്തോഷിക്കുമെന്ന് മോദി അറിയിച്ചു.