യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. അബുദാബിയുടെ ചില ഭാഗങ്ങളിൽ ഇന്ന് രാവിലെ മൂടൽമഞ്ഞ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സ്ട്രീറ്റിൽ അബുദാബിയിലെ സെയ്ഹ് ഷുഐബ്, ഘാൻടൂത്ത്, സെയ്ഹ് അൽ സെദേറ, സ്വീഹാൻ, അൽ ദഫ്ര മേഖലയിലെ മദീനത്ത് സായിദ് എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ മൂടൽമഞ്ഞ് റിപ്പോർട്ട് ചെയ്തത്. ഇന്ന് ഉച്ചയോടെ യുഎഇയുടെ കിഴക്ക് ഭാഗത്ത് മഴ പെയ്യാനും സാധ്യതയുണ്ടെന്നും NCM അറിയിച്ചു.
ഇന്ന് രാജ്യത്തിന്റെ ആന്തരിക പ്രദേശങ്ങളിൽ പരമാവധി താപനില 44 മുതൽ 49 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരപ്രദേശങ്ങളിലും ദ്വീപുകളിലും താപനില 39 മുതൽ 45 ° C വരെയും പർവതങ്ങളിൽ 33 മുതൽ 39 ° C വരെയും താപനില ഉയരും.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് അൽ ഐനിലെ ഉം അസിമുളിൽ 48.2 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനിലയായി രേഖപ്പെടുത്തിയത്.