യുഎഇയിൽ കഴിഞ്ഞ വർഷം പകുതി മുതൽ 565 സ്വകാര്യ കമ്പനികൾ മൊത്തം 824 യുഎഇ സ്വദേശികളെ വ്യാജമായി ജോലികളിൽ നിയമിച്ചത് കണ്ടെത്തിയതായി മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) അറിയിച്ചു.
ലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ മന്ത്രാലയം കർശന നടപടികൾ എടുത്തിട്ടുണ്ട്. സ്വദേശികളെ ജോലിക്ക് നിയോഗിച്ചതായി സ്വകാര്യ കമ്പനികൾ രേഖയുണ്ടാക്കുകയും ഫലത്തില്‍ അവര്‍ ജോലിക്ക് വരാതിരിക്കുകയും ചെയ്യുന്ന സംഭവങ്ങളാണ് കൂടുതലായും കണ്ടുവരുന്നത്.
സ്വദേശിവല്‍ക്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കര്‍ശനമായി കൈകാര്യം ചെയ്യുന്നുണ്ടെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു. സാമ്പത്തിക പിഴ ചുമത്തുന്നതിന് പുറമെ, മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെ വര്‍ഗ്ഗീകരണ സംവിധാനത്തില്‍ നിയമലംഘനം നടത്തുന്ന കമ്പനികളെ ഏറ്റവും താഴ്ന്ന വിഭാഗത്തിലേക്ക് തരംതാഴ്ത്തും. ഇങ്ങനെ തരംതാഴ്ത്തപ്പെടുന്ന കമ്പനികള്‍ക്ക് വിസ അനുവദിക്കല്‍, പുതുക്കല്‍, ലൈസന്‍സ് പോലുള്ള എല്ലാ മന്ത്രാലയ സേവനങ്ങള്‍ക്കും ഉയര്‍ന്ന ഫീസ് നല്‍കേണ്ടിവരും.