താമസക്കാരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് വൻതുക തട്ടിയെടുക്കുന്നതിനായി വ്യാജ വാട്സ്ആപ്പ് സന്ദേശങ്ങൾ അയക്കുന്ന ഏഴ് തട്ടിപ്പുകാരെ റാസൽഖൈമ പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യത്തിനകത്തും പുറത്തുമുള്ള ഏഴ് ഏഷ്യൻ പ്രവാസികളെയാണ് അറസ്റ്റ് ചെയ്തതെന്ന് റാസൽഖൈമ പോലീസ് പറഞ്ഞു.
ഈ സംഘം ബാങ്ക് പ്രതിനിധികളായി വേഷമിടുകയും ഫോൺ കോളുകൾ വഴിയോ വ്യാജ വാട്ട്സ്ആപ്പ് സന്ദേശങ്ങൾ വഴിയോ താമസക്കാരെ ബന്ധപ്പെട്ട് അവരുടെ സ്വകാര്യ ഡാറ്റവിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെടുകയും ഡാറ്റ നൽകിയില്ലെങ്കിൽ അവരുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുമെന്ന് പറയുകയുമാണ് ചെയ്യുന്നത്. അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുമെന്ന് പറയുമ്പോൾ ആളുകൾ തട്ടിപ്പുകാർക്ക് ബാങ്ക് വിവരങ്ങൾ നൽകുകയും അതുവഴി തട്ടിപ്പുകാർ വൻതുക തട്ടിയെടുക്കുകയും ചെയ്യും. ബാങ്ക് ജീവനക്കാരനാണെന്ന് പറഞ്ഞു കൊണ്ട് ഒരാൾ വിളിച്ച് സ്വകാര്യ ഡാറ്റവിവരങ്ങൾ ആവശ്യപ്പെട്ട് ഒരു താമസക്കാരന് ഭീമമായ തുക നഷ്ടപ്പെട്ടതായും പോലീസ് പറഞ്ഞു.
നിരവധി പേരുടെ പരാതിയെത്തുടർന്ന് തീവ്രമായ ഓപ്പറേഷനിലൂടെ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചാണ് സംഘത്തെ പിടികൂടിയതെന്ന് റാസൽഖൈമ പോലീസിലെ ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗ്-ജനറൽ താരിഖ് മുഹമ്മദ് ബിൻ സെയ്ഫ് പറഞ്ഞു. പോലീസ് ഓപ്പറേഷൻ ടീം ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യുകയും സംഘത്തെ വിജയകരമായി കണ്ടെത്തുകയും പരാതിക്കാരുടെ ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി പണം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
ഷാർജ പോലീസുമായി സഹകരിച്ച്, തട്ടിപ്പുകാരുടെ ഉടമസ്ഥതയിലുള്ള “ബാങ്ക് കാർഡുകൾ” കണ്ടുകെട്ടാനും ക്രിമിനൽ പ്രവർത്തനങ്ങളിൽ നിന്ന് ലഭിച്ച പണം വീണ്ടെടുക്കൽ നടപടികൾ പൂർത്തിയാക്കാൻ സംഘത്തെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിരിക്കുകയാണ്.