20 നും 49 നും ഇടയിൽ ആളുകൾ ജോലി ചെയ്യുന്ന യുഎഇയിലെ സ്വകാര്യ ബിസിനസ് സ്ഥാപനങ്ങൾക്ക് ഒരു സ്വദേശിയെ റിക്രൂട്ട് ചെയ്യാൻ ഇനി നാല് മാസത്തെ സമയമാണുള്ളതെന്ന് എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു.
20 ൽ കൂടുതൽ ജീവനക്കാരുള്ളതും 50ൽ താഴെ ജീവനക്കാരുള്ളതുമായ കമ്പനികളിൽ 2024 ജനുവരി 1-നകം ഒരു യുഎഇ സ്വദേശി ഉണ്ടായിരിക്കണമെന്നും അടുത്തയാളെ 2025 ജനുവരി 1-നകം എടുത്തിരിക്കണമെന്നും മാനവ വിഭവശേഷി എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു
റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിർമാണം, ആരോഗ്യ സംരക്ഷണം എന്നിവയുൾപ്പെടെ 14 മേഖലകളിലുടനീളമുള്ള സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികളാണ് സ്വദേശികളെ നിയമിക്കേണ്ടത്. ജനുവരി ഒന്നിന് മുമ്പ് ഇത് പാലിക്കുന്നതിൽ പരാജയപ്പെടുന്ന കമ്പനികൾക്ക് 96,000 ദിർഹം പിഴ ചുമത്തും. 2025ൽ രണ്ട് സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്ക് പിഴ 108,000 ദിർഹമായി വർദ്ധിക്കും.
മുമ്പ്, 50 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യ കമ്പനികൾ മാത്രമാണ് സ്വദേശിവൽക്കരണ നിയമങ്ങൾക്ക് വിധേയമായിരുന്നത്. ഫ്രീ സോണുകളിലെ കമ്പനികളെ ഈ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.