ദുബായിലെ ഡ്രൈവറില്ലാ ഗതാഗത സംവിധാനമായ മെട്രോയ്ക്ക് ഇന്ന് സെപ്റ്റംബർ 9 ന് 14 വയസ്സ്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2009 സെപ്റ്റംബർ 9 ന് രാത്രി 9 മണിക്ക് കൃത്യം ഒമ്പതാം മിനിറ്റിന്റെ ഒമ്പതാം സെക്കൻഡിൽ ആദ്യത്തെ നോൾ കാർഡ് ടാപ്പ് ചെയ്‌തതു മുതൽ ദുബായ് മെട്രോ എമിറേറ്റിന്റെ പൊതുഗതാഗത സംവിധാനത്തിന്റെ നട്ടെല്ലായി മാറി.
2009-ൽ മെട്രോ ആരംഭിച്ചതുമുതൽ 16.8 മില്യൺ മണിക്കൂറിലധികം പ്രത്യേക അറ്റകുറ്റപ്പണികൾ നടത്തി, വണ്ടികൾ, റെയിലുകൾ, ടണൽ അറ്റകുറ്റപ്പണികൾ എന്നിവ ഉൾക്കൊള്ളുന്ന ദുബായിലെ മെട്രോ പ്രവർത്തന മികവിൽ ഒരു പുതിയ നാഴികക്കല്ല് സ്ഥാപിച്ചതായും ദുബായ് റോഡ്സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി ( RTA) പറഞ്ഞു.
റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി നിയന്ത്രിക്കുന്ന അർബൻ റെയിൽ സർവീസ് അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾക്കപ്പുറം 99.7% സമയനിഷ്ഠയും കൈവരിച്ചിട്ടുണ്ട്.
14 വർഷം മുമ്പ് 2009 സെപ്തംബർ 9-ന് ഉദ്ഘാടനം ചെയ്യപ്പെട്ടതിനുശേഷം, ഉയർന്ന പ്രവർത്തന സുസ്ഥിരത പ്രകടമാക്കിക്കൊണ്ട് ദുബായ് മെട്രോ ഒരു മില്യൺ കിലോമീറ്ററിലധികം യാത്രാ ദൂരവും പൂർത്തിയാക്കി. മെട്രോ സംവിധാനത്തിന് ഏറ്റവും ഉയർന്ന ആഗോള നിലവാരത്തിലുള്ള അറ്റകുറ്റപ്പണികൾ ഉറപ്പാക്കാനും തുടക്കം മുതൽ ആർടിഎ ശ്രദ്ധിച്ചിരുന്നു. 14 കിലോമീറ്റർ നീളമുള്ള ദുബായ് മെട്രോ തുരങ്കങ്ങൾ പരിശോധിക്കാൻ ആർടിഎ നൂതന ഡ്രോൺ സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നുണ്ട്.