കേരളത്തിൽ നിപ സാഹചര്യത്തില്‍ നേരിയ ആശ്വാസം. പരിശോധനയ്ക്ക് അയച്ച സാംപിളുകളില്‍ 11 സാംപിളുകള്‍ കൂടി നെഗറ്റീവ് ആണ് എന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിപ പോസിറ്റീവായി ആയ ഹൈ റിസ്ക് വിഭാഗത്തില്‍പ്പെട്ട 94 പേരുടെ സാംപിളുകള്‍ ഇതോടെ നെഗറ്റീവായി. ഇതുവരെ പരിശോധിച്ച സാംപിളുകളില്‍ ആറെണ്ണമാണ് പോസിറ്റാവായിട്ടുള്ളത്. നിലവില്‍ പുതിയ പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയിട്ടില്ല.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 21 പേരാണ് ഐസൊലേഷനില്‍ ഉള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലും രണ്ട് സ്വകാര്യ ആശുപത്രികളിലുമാണ് രോഗികള്‍ ചികിത്സയിലുള്ളത്. ഇവിടങ്ങളില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. ചികിത്സയിലുള്ള രോഗികളുടെ ആരോഗ്യനിലയില്‍ പേടിക്കാനില്ല. ചികിത്സയിലുള്ള ഒമ്പത് വയസുകാരന്റെ നിലയില്‍ നേരിയ പുരോഗതി കാണുന്നുണ്ട് എന്നും എങ്കിലും വെന്റിലേറ്ററില്‍ തുടരുകയാണെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.