ശബരിമല ദർശനത്തിന് നിലയ്‌ക്കലിലെത്തിയ രണ്ട് യുവതികൾ പൊലീസ് ഇതിരിച്ചയച്ചു. തെലങ്കാന സ്വദേശികളായ രണ്ട് യുവതികൾ മറ്റ് തീർത്ഥാടകരോടൊപ്പം കെ.എസ്.ആർ.ടി.സി ബസിലാണ് നിലയ്‌ക്കലിലെത്തിയത്. മകരവിളക്കിനോടനുബന്ധിച്ച് വലിയ തിരക്ക് ഉള്ളതിനാൽ ഇപ്പോൾ പോകുന്നത് പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുമെന്ന് പൊലീസ് ഇവരോട് പറഞ്ഞു. തുടർന്നാണ് തത്കാലം യാത്ര മതിയാക്കി തങ്ങൾ മടങ്ങുകയാണെന്ന് ഇവർ അറിയിച്ചത്.
കെ.എസ്.ആർ.ടി.സി ബസിൽ തീർത്ഥാടകർക്കൊപ്പം യുവതികളുമുണ്ടെന്ന സന്ദേശത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. തുടർന്ന് ഇവരെ കൺട്രോൾ റൂമിലെത്തിച്ച് ശബരിമലയിൽ ഇപ്പോൾ പോയാൽ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. നേരത്തെയുണ്ടായ സംഭവങ്ങളെപ്പറ്റി പൊലീസ് വിശദമായി യുവതികളോട് പറഞ്ഞതോടെ ഇവർ പിന്മാറുകയായിരുന്നുവെന്നാണ് വിവരം.
എന്നാൽ പമ്പ വരെ പോകാൻ മാത്രമാണ് തങ്ങൾ എത്തിയതെന്നാണ് ഇവർ അറിയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, ശബരിമലയിൽ പോകാൻ എത്തിയതാണെന്നും എന്നാൽ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് പിന്മാറുകയാണെന്നും സംഘത്തിലെ ഒരാൾ സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.