യുഎഇയിൽ കുറഞ്ഞ നിരക്കിൽ വാടകയ്ക്ക് ലഭിക്കുന്ന ഗാർഹിക തൊഴിലാളികൾക്കായി വ്യാജ പരസ്യം നൽകി തട്ടിപ്പ് നടത്തുന്നത് ശ്രദ്ധയിപ്പെട്ടിട്ടുണ്ടെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകി. തൊഴിലാളികളുടെ ഫോട്ടോകളോ വീഡിയോകളോ കൂടെ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഇവർ തട്ടിപ്പ് നടത്തുന്നത്.
ആവശ്യക്കാരെ വശീകരിക്കുന്നതിനായി ഈ തട്ടിപ്പുകാർ ഔദ്യോഗിക ഏജൻസികളേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ വീട്ടുജോലിക്കാർക്കായി പരസ്യം ചെയ്യുന്നു. ഉയർന്ന ഡിമാൻഡുള്ള സീസണുകളിലാണ് ഇത്തരം തട്ടിപ്പുകാർ പലപ്പോഴും ചൂഷണം ചെയ്യുന്നത്.
ലൈസൻസില്ലാത്ത റിക്രൂട്ട്‌മെന്റ് ഏജൻസികളാണ് ഇത്തരം തട്ടിപ്പുകൾ നടത്തുന്നത്. ഇതറിയാതെ തട്ടിപ്പിനിരയാവുകയും അവർക്ക് ഗണ്യമായ തുക നഷ്ടപ്പെടുകയും ചെയ്യുന്നു. പരസ്യപ്പെടുത്തിയ വീട്ടുജോലിക്കാരി താമസ നിയമങ്ങൾ ലംഘിച്ച് അനധികൃതമായി രാജ്യത്ത് താമസിക്കുന്നുമുണ്ടാകാം.
ഇത്തരത്തിൽ കുറ്റം ചെയ്തവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുക പ്രയാസമാണെന്നും അതോറിറ്റി പറഞ്ഞു. ഗാർഹിക തൊഴിലാളികളെ ലൈസൻസുള്ള റിക്രൂട്ട്‌മെന്റ് ഏജൻസികൾ വഴി മാത്രമേ റിക്രൂട്ട് ചെയ്യാവൂ. തൊഴിലാളിയെ പരിശോധിച്ചുവെന്നും ആവശ്യമായ പെർമിറ്റുകൾ ഉണ്ടെന്നും അത് വിശ്വസനീയമാണെന്നും ഉറപ്പാക്കണമെന്നും അതോറിറ്റി പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്കായി ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയത്തിന്റെ (MoHRE) വെബ്‌സൈറ്റിൽ റിക്രൂട്ട്‌മെന്റ് ഏജൻസികൾ പരിശോധിക്കാവുന്നതാണ്. സോഷ്യൽ മീഡിയയിൽ കണ്ടെത്തുന്ന ഏജൻസികളെ സ്ഥിരീകരിക്കാൻ താമസക്കാർക്ക് 600590000 എന്ന നമ്പറിലും വിളിക്കാവുന്നതാണ്.
ഇന്റർനെറ്റിൽ സെർച്ച് ചെയ്യുമ്പോഴും സോഷ്യൽ മീഡിയ പോസ്റ്റുകളുമായി ഇടപഴകുമ്പോഴും ജാഗ്രത പാലിക്കാനും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ എപ്പോഴും രണ്ടുതവണ പരിശോധിക്കാനും അതോറിറ്റി ആളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.