ആഫ്രിക്കയ്ക്ക് പുറത്തെ ഏറ്റവും വലിയ സഫാരി പാർക്ക് ആയ ഷാർജ സഫാരി പാർക്കിന്റെ മൂന്നാമത് സീസണിന് നാളെ സെപ്റ്റംബർ 21 ന് തുടക്കമാകുമെന്ന് ഷാർജയിലെ എൻവയോൺമെന്റ് ആൻഡ് പ്രൊട്ടക്റ്റഡ് ഏരിയസ് അതോറിറ്റി അറിയിച്ചു.
ലോകമെമ്പാടുമുള്ള സന്ദർശകരെയും വിനോദസഞ്ചാരികളെയും പ്രകൃതി സ്നേഹികളെയും ആകർഷിക്കുന്ന തരത്തിൽ കഴിഞ്ഞ തവണയെ അപേക്ഷിച്ച് ഒട്ടേറെ പുതുമയുള്ള കാഴ്ചകളോടെയാണ് ഈ സീസണിൽ ഷാർജ സഫാരി പാർക്ക് തുറക്കുന്നത്.
8 സ്ക്വയർ കി.മീറ്റർ വിസ്തീർണത്തിൽ അൽ ദൈദിലെ അൽ ബ്രിഡി റിസർവിലാണ് സഫാരി പാർക്ക് ഉള്ളത്. 120-ലധികം പക്ഷികളും 50,000-ലധികം മൃഗങ്ങളും പാർക്കിലുണ്ട്. ഇത്തവണ 200 ലധികം നവജാത ജീവികളും പാർക്കിലുണ്ടാകും.
രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെയാണ് പ്രവേശനസമയം. മുതിർന്നവർക്ക് 40 ദിർഹവും , കുട്ടികൾക്ക് നിരക്ക് 15 ദിർഹവുമാണ്. വന്യജീവി സങ്കേതത്തിലൂടെയുള്ള കാഴ്ചകൾ ആസ്വദിക്കാൻ മുതിർന്നവർക്ക് 120 മുതൽ 275 ദിർഹം വരെ വ്യത്യസ്ത പാക്കേജുകളുണ്ടെന്ന് പരിസ്ഥിതി, സംരക്ഷിത മേഖലാ അതോറിറ്റി ചെയർപഴ്‌സൺ ഹന സൈഫ് അൽ സുവൈദി പറഞ്ഞു.